സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ആരംഭിച്ചിട്ട് ഞായറാഴ്ച ഒരു വർഷം. 2021 ജനുവരി പതിനാറിനാണ് രാജ്യമാകെ വാക്സിൻ വിതരണം തുടങ്ങിയത്. വെള്ളി വൈകിട്ട് നാലുവരെ 18 വയസ്സ് കഴിഞ്ഞവരിൽ 2,73,14,039 പേർ ആദ്യ ഡോസും 2,19,24,907 പേർ രണ്ടാം ഡോസും വാക്‌സിൻ എടുത്തു. ആകെ 4,93,79,985 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.
വാക്‌സിൻ വിതരണം നൂറു ശതമാനത്തിലേക്ക് അടുക്കുകയാണ് കേരളം. രണ്ടു ഡോസും എടുത്തവർ 80.26 ശതമാനമാണ്. ആദ്യ ഘട്ടത്തിൽ വാക്സിന് വലിയ ക്ഷാമം നേരിട്ടിരുന്നു. ആവശ്യപ്പെടുന്നതനുസരിച്ച് കേന്ദ്രം ഡോസുകൾ അനുവദിക്കാത്തതാണ് പ്രതിസന്ധിയായത്. രണ്ടാം തരംഗം ശക്തമായതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ വരിയായി. എന്നാൽ, നഷ്ടപ്പെടുത്താതെ വാക്‌സിൻ വിതരണംചെയ്ത് കേരളം മാതൃകയായി. രാജ്യത്ത് ദശലക്ഷത്തിൽ വാക്സിൻ വിതരണം ഏറ്റവും കൂടുതലും കേരളത്തിലാണ്. വാക്സിൻ എടുക്കുന്നതിൽ സ്‌ത്രീകളാണ് മുന്നിൽ. ജനുവരിമുതൽ മുൻകരുതൽ ഡോസും 15–-18 പ്രായക്കാർക്കുള്ള വാക്സിനേഷനും ആരംഭിച്ചു. ഈ പ്രായക്കാർ 15 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ 7.17 ലക്ഷം (45 ശതമാനത്തിലധികം) പേരും ആദ്യ ഡോസ് എടുത്തു.
മാസാവസാനത്തോടെ ഈ വിഭാഗക്കാരായ മുഴുവൻപേർക്കും വാക്സിനേഷനാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. നാലു ദിവസമായി 1,12,476 പേരാണ് കരുതൽ ഡോസ് എടുത്തത്. ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, അനുബന്ധ രോഗമുള്ള 60 കഴിഞ്ഞവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.
രോഗികൾ 15,000 കടന്നു
തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ കോവിഡ് നിരക്ക് 10,000 കടന്നു. വെള്ളിയാഴ്ച 16,338 പേർക്ക് രോഗം സ്ഥിരീകരിച്ചു-. മൂന്നര മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 68,971 സാമ്പിളാണ് പരിശോധിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 23.68 ശതമാനം. തിരുവനന്തപുരം–- 3556, എറണാകുളം–- 3198, കോഴിക്കോട്–- 1567, തൃശൂർ–- 1389, കോട്ടയം–- 1103 ജില്ലകളിൽ രോഗികൾ കൂടുതലാണ്. ആകെ രോഗബാധിതർ 76,819. ഇതിൽ 4.4 ശതമാനംപേരാണ് ആശുപത്രിയിൽ. രോഗമുക്തർ 3848. ഇരുപത് മരണം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. അപ്പീലിൽ സ്ഥിരീകരിച്ച 179 ഉൾപ്പെടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 50,568.