സെര്‍വര്‍ തകരാര്‍ മൂലം പ്രതിസന്ധിയിലായ റേഷന്‍ വിതരണം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.
ഇതനുസരിച്ച് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഇന്നു മുതല്‍ ഈ മാസം 18 വരെയാണ് പുതിയ ക്രമീകരണം.
ഏഴു ജില്ലകളില്‍ റേഷന്‍ കടകള്‍ പകല്‍ 8.30 മുതല്‍ 12 വരെയും എറണാകുളം അടക്കം മറ്റു ജില്ലകളില്‍ വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമാണ് പ്രവര്‍ത്തിക്കുക. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ വൈകീട്ട് 3.30 മുതല്‍ 6.30 വരെയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുദിവസമായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പലയിടത്തും സംഘര്‍ഷവും ഉടലെടുത്തിരുന്നു.
ഹൈദരാബാദിലെ എന്‍ഐസി സെര്‍വറിലൂടെയാണ് ഇ പോസ് മെഷീന്റെ വിവര വിശകലനം നടക്കുന്നത്. സെര്‍വര്‍ശേഷിയുടേതാണ് പ്രശ്‌നങ്ങള്‍. ഇത് ഭാഗികമായി പരിഹരിച്ചിട്ടുണ്ട്. ഇനി തടസ്സമുണ്ടാകാതിരിക്കാനാണ് ക്രമീകരണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്‌ച 2.57 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിയതായും മന്ത്രി അറിയിച്ചു.