കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു, നേതാക്കള്‍ കൂട്ടത്തോടെ രോഗബാധിതർ, പദയാത്ര പാതിവഴിയില്‍ നിര്‍ത്തി കോണ്‍ഗ്രസ്

0
72

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കോൺഗ്രസ് കർണാടകത്തിൽ സംഘടിപ്പിച്ച പദയാത്ര പാതിവഴിയില്‍ റദ്ദാക്കി. പദയാത്രയിൽ പങ്കെടുത്ത നേതാക്കൾക്കും പ്രവർത്തകർക്കും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് പദയാത്ര പാതിവഴിയിൽ നിർത്തിയത്. കാവേരി നദിക്ക് കുറുകെയുള്ള മെകെദത്തു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പത്ത് ദിവസം നീളുന്ന പദയാത്ര നടത്താന്‍ കോണ്‍ഗ്രസ് നിശ്ചയിച്ചത്. ഈ പദയാത്രയാണ് കോണ്‍ഗ്രസ് പാതിവഴിയില്‍ നിര്‍ത്തിവെച്ചത്.
കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടെ കൊവിഡ് നിയമങ്ങള്‍ ലംഘിച്ച് കോൺഗ്രസ് നടത്തിയ പദയാത്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പദയാത്രയുടെ അഞ്ചാം ദിവസമായിരുന്നു 60 ലധികം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. മാര്‍ച്ചിന് നേതൃത്വം നല്‍കിയ രണ്ട് മുതിര്‍ന്ന നേതാക്കളായ വീരപ്പ മൊയ്‌ലിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കൊവിഡ് പോസിറ്റീവായത്. പദയാത്രയ്ക്കിടെ ഇരുവരും ശിവകുമാറിനും സിദ്ധരാമയ്യക്കുമൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശിവകുമാര്‍ ഇന്ന് രാവിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം നേതാക്കളും പ്രവർത്തകരും പരക്കെ രോഗബാധിതരാകുകയും ചെയ്തു.
പദയാത്ര ബെംഗളൂരുവില്‍ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് മൂന്നാം തരംഗം കാരണം തല്‍ക്കാലം മാറ്റിവെക്കുകയാണ് എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞത്. രാമനഗര ജില്ലയിലെ മേക്കേദാട്ടുവില്‍ നിന്ന് ബംഗളൂരുവിലേക്ക് 15 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 179 കിലോമീറ്റര്‍ യാത്രയാണ് ആസൂത്രണം ചെയ്തിരുന്നത്.