ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരൻ ന്യായീകരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ. കെപിസിസി പ്രസിഡണ്ട് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ഇടുക്കി കെഎഫ് ബ്രിഗേഡ് തലവനാണ് നിഖിൽ പൈലിയെന്നും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. വിഷയത്തിൽ നാളെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്നും വികെ സനോജ് അറിയിച്ചു.
അതേസമയം ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചന നടന്നെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ ഇന്നലെ വൈകിട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഇടുക്കി ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക.
തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. കസ്‌റ്റഡി അപേക്ഷ പോലീസ് ഇന്ന് തന്നെ സമർപ്പിക്കും. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. നിഖിലിനും ജോജോയ്‌ക്കും പുറമേ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ്‌ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്.