മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട

0
40

മലപ്പുറം മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട. 13 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തികൊണ്ടു വന്ന 168 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 7500 ഹാൻസ് പാക്കറ്റ്, 1800 കൂൾ എന്നിവയായിരുന്നു കടത്തിയത്. ഇന്നലെ രാത്രി 12 മണിയോടെ പിക്കപ് വാനിൽ നിന്നാണ് ഉൽപ്പന്നങ്ങൾ പിടികൂടിയത്.

വാഹനം ഓടിച്ച ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വാഹനത്തിന്റെ ഉടമസ്‌ഥനായ പൂക്കോട്ടൂർ ചീനിക്കൽ സ്വദേശി മുജീബ് റഹ്‌മാനെതിരെ കെസെടുത്തതായി മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എസ് ഷാജി അറിയിച്ചു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ പത്ത് ലക്ഷം രൂപ വിലവരും.

ചാക്കുകളിലാക്കി വണ്ടിയുടെ ബോഡിക്കുള്ളിൽ ഷീറ്റ് കെട്ടി ഒളിപ്പിച്ചാണ് ഇവ കടത്തിയത്. മൈസൂരുവിൽ നിന്നാണ് ഇവ എത്തിച്ചത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും നിയമനടപടികൾക്കുമായി മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൊണ്ടിമുതലുകളും വാഹനവും മഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.