24 മണിക്കൂറിനിടെ ആദിത്യനാഥ് മന്ത്രിസഭയിൽ രണ്ടാമത്തെ രാജി; ദാരാ സിംഗ് ചൗഹാൻ രാജിവച്ചു

0
62

യോഗി ആദിത്യനാഥ് സർക്കാരിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ രാജി. യുപി വനം വകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാൻ ആണ് ഇന്ന് രാജിവച്ചത്. ചൊവ്വാഴ്‌ച ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. അദ്ദേഹത്തെ പിന്തുടർന്ന് നാല് എംഎൽഎമാരും രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളെയും ദളിതരെയും സർക്കാർ അവഗണിച്ചെന്ന് ആരോപിച്ചാണ് ദാരാ സിംഗ് ചൗഹാൻ സ്‌ഥാനം രാജിവച്ചത്. അദ്ദേഹത്തിന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് നിലവിൽ പ്രതികരണം വന്നിട്ടില്ല.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയിൽ നിന്നും രാജി വെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധാരാ സിംഗ് ചൗഹാൻ. ഇതോടെ ബി.ജെ.പിയിൽ നിന്നും രാജി വെച്ച എം.എൽ.എമാർ ആറായി. കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ട് എസ്.പിയിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പേ ബി.എസ്.പിയിൽ നിന്നും രാജിവെച്ചായിരുന്നു മൗര്യ ബി.ജെ.പിയിലെത്തിയത്. മൗര്യക്കൊപ്പം മറ്റ് രണ്ട് എം.എൽ.എമാരും ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിട്ടുണ്ട്. മൗര്യയുടെ അടുത്ത അനുയായിയായ റോഷൻ ലാൽ, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജി വെച്ചത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തിൽ ദൽഹിയിൽ ചേരുന്നതിനിടെയായിരുന്നു ഇവരുടെ രാജി.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു രാജി പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലെ മൗര്യയെ സമാജ്‌വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷ് സ്വാമി പ്രസാദ് മൗര്യയോടൊപ്പം നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു. ദളിതരോടും കർഷകരോടും ബിജെപി സർക്കാർ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ദളിതർ, കർഷകർ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ എന്നിവരോട് യോഗി ആദിത്യനാഥ് സർക്കാർ അവഗണന കാണിക്കുന്നതായി മൗര്യ തന്റെ രാജിക്കത്തിൽ ആരോപിച്ചു.