കെഎസ്‌യു ‐കോൺഗ്രസ് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം പോസ്‌റ്റ് മോർട്ടത്തിന് ശേഷം ആയിരങ്ങളുടെ സാന്നിധ്യത്തിൽ സിപിഐ എം എസ്‌എഫ്‌ഐ നേതാക്കൾ ഏറ്റുവാങ്ങി. രക്‌തപതാകയും നക്ഷത്രാങ്കിത ശുഭ്രപതാകയും പുതപ്പിച്ച മൃതദേഹത്തിൽ ആയിരങ്ങൾ ചുവന്ന പൂക്കളർപ്പിച്ച് അന്ത്യാഭിവാദ്യമർപ്പിച്ചു. സിപിഐ എം നേതാക്കളായ എം എം മണി, കെ കെ ജയചന്ദ്രൻ, സി വി വർഗീസ് എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, മന്ത്രി റോഷി അഗസ്‌റ്റിൻ തുടങ്ങിവർ ചേർന്ന് രക്‌തപതാക പുതപ്പിച്ചു.
ആശുപത്രി പരിസരത്ത് അൽപനേരം പൊരുദർശനത്തിനായി വെച്ചശേഷം മൃതദേഹം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. നിരവധിപേരാണ് ധീരജിനെ ഒരു നോക്കുകാണാനായി എത്തിയത്. തുടർന്ന് ധീരജിന്റെ കലാലയമായ പൈനാവ് എഞ്ചിനീയറിംഗ് കോളേജിലും പൊതുദര്‍ശനത്തിന് വച്ചശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.