ഡിജിപിയും സംഘവും ‘ചുരുളി’ കാണുന്നു, പരിശോധന ഹൈക്കോടതി നിർദ്ദേശപ്രകാരം

0
55

ഹൈക്കോടതി നിർദ്ദേശത്തെതുടർന്ന് ‘ചുരുളി’ സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ പൊലീസ്. കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടെന്നാകും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിലയിരുത്തുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമ പൊലീസ് കണ്ട് വിലയിരുത്തുന്നത്.

ബറ്റാലിയൻ എഡിജിപി കെ പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം ഡിസിപി നസീം എന്നിവരാണ് സംഘത്തിൽ. പൊലീസ് ആസ്ഥാനത്തെ നിയമോപേദശകൻ സഹായിയായി ഉണ്ടാകും. ഒടിടി റിലീസിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കെതിരെ ഒരു വിഭാഗം ഉയർത്തിയത് വലിയ പ്രതിഷേധമായിരുന്നു. സഭ്യേതര ഭാഷയാണ് സിനിമയിലുടനീളം എന്നായിരുന്നു എതിർക്കുന്നവരുടെ പരാതി. ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും സിനിമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണ് സിനിമ പരിശോധിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയത്.

ആവിഷ്ക്കാര സ്വാതന്ത്രത്തിനപ്പുറം കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടോ എന്നാകും സംഘം പരിശോധിക്കുക. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.