പഞ്ചായത്ത് അംഗത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

0
76

കുന്നത്തൂര്‍ പഞ്ചായത്ത് അംഗത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കീച്ചപ്പള്ളി ആറാം വാര്‍ഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി മംഗലത്ത് രതീഷിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്.

ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന മുരളി കാട്ടൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ശാസ്താംകോട്ട മുന്‍സിഫ് കോടതി ചെലവ് സഹിതം തള്ളിയത്. കൊട്ടറ എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ മംഗലത്ത് രതീഷ് എന്‍സിസി ഓഫീസറുടെ ചുമതല വഹിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. അസോസിയറ്റ് എന്‍സിസി ഓഫീസര്‍ എന്ന റാങ്കില്‍ കേന്ദ്രസര്‍ക്കാരാണ് നിയമനം നടത്തുന്നത് എന്നും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

എന്‍സിസി ഓഫീസര്‍ ആണെന്നുള്ള വിവരവും അതില്‍ നിന്നുള്ള വരുമാനവും നാമനിര്‍ദ്ദേശ പത്രികയില്‍ കാണിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്‍സിസിയുടെ ചുമതല താത്ക്കാലികമാണെന്നും നിയമനമോ വേതനമോ ഇല്ല എന്നുമുള്ള പ്രതിഭാഗം വാദം അംഗീകരിച്ചാണ് ശാസ്താംകോട്ട മുന്‍സിഫ് ടി വി ബിജു ഹര്‍ജി തള്ളിയത്. മംഗലത്ത് രതീഷിന് കോടതി ചെലവ് അനുവദിച്ചു. ഇദ്ദേഹത്തിന് വേണ്ടി അഭിഭാഷകനായ കെ വിനയകുമാര്‍ ഹാജരായി.