എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവും; മുഖ്യമന്ത്രി പിണറായി വിജയന്‍

0
46

ഇടുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന നിര്‍ദ്ദേശം പോലീസിന് നല്‍കിയിട്ടുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊലപാതത്തില്‍ ഒരാളെ പൊലീസ് അറ്സ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ സ്വദേശി ടി.അഭിജിത്ത്, അമൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ നില‌ ഗുരുതരമാണ്.