സംസ്ഥാന വനം കായികമേള: ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

0
69

ഇരുപത്തിയേഴാമത് സംസ്ഥാന വനം കായികമേളയുടെ ഗെയിംസ് ഇനങ്ങള്‍ക്ക് തുടക്കമായി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി മുഖ്യാതിഥിയാകും. വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, മുഖ്യവനം മേധാവി പി കെ കേശവന്‍, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, രാഖി രവികുമാര്‍, എപിസിസിഎഫ് ഡോ പി പുകഴേന്തി, സിസിഎഫ് സഞ്ജയന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വനംവകുപ്പിലെ അഞ്ച് സര്‍ക്കിളുകള്‍ക്ക് പുറമേ കെഎഫ്ഡിസി, കെഎഫ്ആര്‍ഐ, സെക്രട്ടേറിയറ്റിലെ ഫോറസ്റ്റ് വിഭാഗംഎന്നീ എട്ട് ടീമുകളിലെ 1200 കായികതാരങ്ങളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. മേളയില്‍ 10 വേദികളിലായി 16 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

യൂണിവേഴ്‌സിറ്റി സ്റ്റേഡിയം (അത്‌ലറ്റിക്‌സ്(ട്രാക്ക് &ഫീല്‍ഡ്) , ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയം(ബാഡ്മിന്റണ്‍,നീന്തല്‍), ഐഎച്ച്ആര്‍ഡി ഹോസ്റ്റല്‍, പി ടി പി നഗര്‍ ( വെയിറ്റ് ലിഫ്റ്റിംഗ് & പവര്‍ ലിഫ്റ്റിംഗ് ), ടെന്നിസ് കോര്‍ട്ട്് കുമാരപുരം ( ലോണ്‍ ടെന്നിസ്), വനശ്രീ ഓഡിറ്റോറിയം വനം വകുപ്പ് ആസ്ഥാനം (ചെസ്,കാരംസ്), വട്ടിയൂര്‍ക്കാവ് റൈഫിള്‍ ഷൂട്ടിംഗ് സെന്റര്‍ (ടേബിള്‍ ടെന്നിസ്), മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് ( ക്രിക്കറ്റ്), സെന്‍ട്രല്‍ സ്‌റ്റേഡിയം ( കബഡി, ഫൂട്ബാള്‍, ആര്‍ച്ചറി). പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം ( വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍), എസ ്എ പി ക്യാമ്പ്( റൈഫിള്‍ ഷൂട്ടിംഗ്) എന്നീ വേദികളിലാണ് മത്സരങ്ങള്‍ .

മേളയോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 6.30ന് സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര പിന്നണിഗായിക പ്രമീള നയിക്കുന്ന ഗാനമേളയും നടക്കും.
വിജയികള്‍ക്ക് ദേശീയ വനം കായികമേളയില്‍ കേരളത്തെ പ്രതിനിധീകരിക്കാം. സംസ്ഥാന വനംകായികമേളയുടെ നിലവിലെ ചാമ്പ്യന്‍മാര്‍ ഈസ്റ്റേണ്‍ സര്‍ക്കിളാണ്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു നടത്തുന്ന കായികമേള നാളെ (12.01.2022) വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും.