ഇണകളെ ഇരകളാകുന്ന ഭർത്താക്കൻമാർ; യൂട്യൂബ് വഴി യുവതിയുടെ വെളിപ്പെടുത്തൽ, വഴിത്തിരിവ്

0
99

ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി കൊടിയ പീഡനം നേരിടേണ്ടി വന്ന യുവതി ഒടുവിൽ സഹികെട്ടാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇതോടെ പുറത്തായത് വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള ‘പങ്കാളി കൈമാറ്റത്തെ’ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

ഇരയായ ചങ്ങനാശ്ശേരി സ്വദേശിനിയായ 26കാരി യൂട്യൂബ് ചാനലിലൂടെയാണ് ആദ്യം ‘കപ്പിൾ ഷെയറിങ്’ സംഘത്തിന്റെ പ്രവർത്തനങ്ങൾ വെളിപ്പെടുത്തിയത്. 2 വർഷം മുൻപാണ് ഇവർ ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് ഒരു സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ എത്തിപ്പെട്ടത്. ഇവരുടെ 32 വയസായ ഭർത്താവ് പണത്തിനായും മറ്റു സ്‌ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത്.

കുടുംബ സുഹൃത്തുക്കളെ പോലെയായിരുന്നു ഗ്രൂപ്പിലുള്ളവരുടെ പെരുമാറ്റം. രണ്ടിലേറെ തവണ പരസ്‌പരം കണ്ട ശേഷമാണ് ഒത്തുചേരാൻ സ്‌ഥലം തീരുമാനിക്കുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ ഗ്രൂപ്പിലുള്ള ആരുടെയെങ്കിലും വീടായിരുന്നു എപ്പോഴും തിരഞ്ഞെടുത്തിരുന്നത്.

പരാതിക്കാരിയായ യുവതിയും ഭർത്താവും അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലാണ്​ കല്യാണം കഴിക്കുന്നത്. ആദ്യ കുട്ടിക്ക് മൂന്ന് വയസ് തികയും വരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ദുബായിൽ ആയിരുന്ന ഭർത്താവ് നാട്ടിൽ എത്തിയതിന് ശേഷമാണ് സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായത്. ‘കപ്പിൾസ് മീറ്റ്’ എന്ന ഗ്രൂപ്പിൽ സജീവമായിരുന്ന ഇയാൾ പിന്നീട് യുവതിയെ നിർബന്ധിച്ച് ഈ ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു.

വഴങ്ങാതിരുന്നപ്പോൾ ഭീഷണിയായി. ആത്‌മഹത്യ ചെയ്യുമെന്നും തന്നെയും കുഞ്ഞിനേയും വകവരുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയായി യുവതി പോലീസിനോട് പറഞ്ഞു. ഇയാളുടെ നിർബന്ധത്തിന് വഴങ്ങി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനങ്ങൾക്കടക്കം ഇരയായി. തന്നെ മറ്റൊരാളുടെ ഒപ്പം അയച്ചെങ്കിൽ മാത്രമേ അയാളുടെ പങ്കാളിയെ ഭർത്താവിന് ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ പണം നൽകേണ്ടി വരുമായിരുന്നു എന്നും യുവതി വെളിപ്പെടുത്തി.

യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച കറുകച്ചാൽ പോലീസ് കണ്ടെത്തിയത് വിശ്വസിക്കാനാകാത്ത കാര്യങ്ങളായിരുന്നു. കപ്പിൾ മീറ്റ് എന്ന പേരിൽ നിരവധി ഗ്രൂപ്പുകളാണ് കേരളത്തിൽ സജീവമായിരുന്നത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകൾ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകൾ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനർഥം 31 വയസുള്ള ഭർത്താവും 27 വയസുള്ള ഭാര്യയും എന്നാണ്.

മെസഞ്ചർ, ടെലഗ്രാം, ഷെയർ ചാറ്റ് തുടങ്ങിയ ആപ്പുകളിലൂടെയാണ് ഇവരുടെ പ്രവർത്തനം. വീഡിയോ ചാറ്റുകൾ വഴി പരിചയപ്പെട്ട ശേഷം തമ്മിൽ കാണുകയും പങ്കാളികളെ കൈമാറുകയുമാണ് ചെയ്യുന്നത്. സംഭവത്തിൽ, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. വലിയ കണ്ണികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

പണമിടപാടുകളടക്കം നടക്കുന്നതിനാൽ സംഭവം അതീവ ഗൗരമായാണ് പോലീസ് കാണുന്നത്. അതിനാൽതന്നെ വിശദമായ അന്വേഷണം നടക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. പല ഉന്നതർക്കും ഇതിൽ പങ്കുണ്ടെന്നും സൂചനയുണ്ട്.