പങ്കാളികളെ കൈമാറൽ; ഏഴ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, പ്രതികൾക്കായി അന്വേഷണം ശക്തം

0
80

സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്‌ത്‌ ലൈംഗിക ചൂഷണം നടത്തിയ കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. പരാതി നൽകിയ കോട്ടയം സ്വദേശിനിയെ ബലാൽസംഗം ചെയ്‌ത ഒൻപത് പേരിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. പ്രതികളിൽ ഒരാൾ രാജ്യം വിട്ടെന്നാണ് വിവരം.

ഇത്തരത്തിൽ പങ്കാളികളെ കൈമാറുന്ന ഏഴ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ഈ ഗ്രൂപ്പുകളിൽ 5000ത്തിലധികം അംഗങ്ങളുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും ആകാത്തവരും 20 വർഷം വരെ പിന്നിട്ടവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും പങ്കുവെക്കും. പിന്നീട് വീഡിയോ കോൾ വഴി പരിചയപ്പെടുകയും നേരിട്ട് കണ്ട് ഇടപാടുകൾ നടത്തുകയുമാണ് ഇവരുടെ രീതി.

ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ ഗ്രൂപ്പ് അംഗങ്ങളുടെ വീടുകളിലാണ് ഒത്തുകൂടൽ സംഘടിപ്പിക്കുക. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിലെ പ്രതികളിൽ അഞ്ച് പേരും ഭാര്യമാരുമായി വന്നവരും നാല് പേർ തനിച്ച് എത്തിയവരുമാണ്. തനിച്ച് വരുന്നവർ ‘സ്‌റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. ഇവർ ഇടപാടുകാർക്ക് 14000 രൂപ നൽകണം എന്നും ഗ്രൂപ്പിൽ നിയമമുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. വലിയ കണ്ണികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.