ധീരജ് വധം: കോൺഗ്രസിന്റെ ആട്ടിൻതോൽ നീക്കി സുധാകരനിസം ഒന്നുകൂടി വെളിവായി- വി കെ സനോജ്

0
57

ഇടുക്കി എൻജിനിയറിങ് കോളേജിൽ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനായിരുന്ന സഖാവ് ധീരജിന്റെ നിഷ്ടൂരമായ കൊലപാതകത്തിലൂടെ കോൺഗ്രസിന്റെ ആട്ടിൻതോൽ നീക്കി സുധാകരനിസം ഒന്നുകൂടി വെളിവായിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘സെമി കേഡർ’ ശൈലിയുടെ നേർമുഖമാണ് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് – കെ എസ് യു അണികൾ തെരുവുകളിലും ക്യാമ്പസുകളിലും നടത്തുന്നതെന്നും സനോജ് ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾ തിരസ്കരിച്ച കോൺഗ്രസിനെ കത്തിമുന കൊണ്ട് രക്ഷപ്പെടുത്താമെന്ന പാഴ്ബോധത്തെ കൂടെ ഈ അതിദാരുണമായ കൊലയിൽ പ്രതിസ്ഥാനത്ത് നിർത്തണം. ഇതിലും കലുഷിതമായ കാലത്തെ മറികടന്നും കത്തിമുനകളെ അതിജീവിച്ചുമാണ് കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ വളർന്നതെന്ന് കോൺഗ്രസ്സുകാർ ഓർമ്മിച്ചാൽ നല്ലതെന്നും പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം.

ഇടുക്കി പൈനാവ് ഗവണ്മെന്റ് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനായിരുന്ന സഖാവ് ധീരജിന്റെ നിഷ്ടൂരമായ കൊലപാതകത്തിലൂടെ കോൺഗ്രസിന്റെ ആട്ടിൻതോൽ നീക്കി സുധാകരനിസം ഒന്നുകൂടി വെളിവായിരിക്കുകയാണ്.

കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചാർജ്ജെടുത്തതോടെ കേരളത്തിൽ നടപ്പിലാക്കുമെന്ന് വീമ്പുപറഞ്ഞ ‘സെമി കേഡർ’ ശൈലിയുടെ നേർമുഖമാണ് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് – കെ.എസ്.യു അണികൾ തെരുവുകളിലും ക്യാമ്പസുകളിലും നടത്തിക്കൊണ്ടിക്കുന്നത്.

ഒരു കാലത്ത് കേരളത്തിലെ ക്യാമ്പസുകൾ മുഴുവൻ കൊലക്കത്തിയുമായി അടക്കി ഭരിച്ച് നിരവധി വിദ്യാർത്ഥികളുടെ ജീവനെടുത്ത കെ.എസ്.യു എന്ന സംഘടന ആണ് അരാഷ്ട്രീയ ക്യാമ്പസുകൾ എന്ന പൊതു ആവശ്യം കേരളത്തിലുടലെടുക്കാൻ കാരണം. അവിടെ നിന്ന് സർഗാത്മകമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സമരോൽസുകത തിരിച്ചു പിടിച്ച് എസ്.എഫ്.ഐ യിലൂടെ വിദ്യാർത്ഥികൾ പുതിയ കലാലയസങ്കല്പം തീർക്കുമ്പോൾ അതിൽ അസ്വസ്ഥരായ സുധാകരന്റെ അരുമ ശിഷ്യന്മാർ ക്യാമ്പസുകളെ വീണ്ടും ചോരക്കളമാക്കുകയാണ്.

ക്വട്ടേഷൻ – ഗുണ്ടാ സംഘങ്ങളെ തലോലിച്ചും പാലൂട്ടിയും കണ്ണൂരിൽ കമ്യൂണിസ്റ്റുകാരെയും സ്വന്തം പാർട്ടിയിലെ വിമർശകരെയും തോക്കും ബോംബും കൊണ്ട് വേട്ടയാട്ടിയ ക്രിമിനലിനെ കോൺഗ്രസ് അധ്യക്ഷനാക്കിയത് ഗുണ്ടാ സംസ്കാരം കേരളത്തിലുടനീളം പ്രാവർത്തികമാക്കാനാണോ എന്ന് ആ പാർട്ടി വ്യക്തമാക്കണം. ധീരജിന്റെ കൊലയ്ക്ക് പിന്നിലെ യൂത്ത് കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ അരുമ ശിഷ്യനാണെന്ന തെളിവുകൾ അയാളുടെ സോഷ്യൽ മീഡിയാ ചിത്രങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. സുധാകരൻ വളർത്തുന്ന സെമി കേഡർ കൊലയാളികൾ മാത്രമല്ല, ജനങ്ങൾ തിരസ്കരിച്ച കോൺഗ്രസിനെ കത്തിമുന കൊണ്ട് രക്ഷപ്പെടുത്താമെന്ന പാഴ്ബോധത്തെ കൂടെ ഈ അതിദാരുണമായ കൊലയിൽ പ്രതിസ്ഥാനത്ത് നിർത്തണം. ഇതിലും കലുഷിതമായ കാലത്തെ മറികടന്നും കത്തിമുനകളെ അതിജീവിച്ചുമാണ് കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ വളർന്നതെന്ന് കോൺഗ്രസ്സുകാർ ഓർമ്മിച്ചാൽ നല്ലത്. ഈ കൊലയാളിക്കൂട്ടത്തിന് മാപ്പില്ല.