കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വളർത്തുനായയുടെ പിറന്നാളാഘോഷം; മൂന്നുപേർ അറസ്റ്റിൽ

0
101

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വളർത്തുനായയുടെ പിറന്നാളാഘോഷം നടത്തിയ സഹോദരന്മാരടക്കം മൂന്നുപേരെ അറസ്റ്റുചെയ്തു. കൃഷ്ണനഗറിലെ ചിരാഗ് പട്ടേൽ, ഉർവിഷ് പട്ടേൽ എന്നീ സഹോദരങ്ങളും സുഹൃത്ത് ദിവ്യേഷ് മെഹരിയയും ആണ് അറസ്റ്റിലായത്. ഇന്ത്യൻ സ്പിറ്റ്സ് ഇനത്തിലുള്ള അബ്ബി എന്ന നായയുടെ ജന്മദിനമാണ് സഹോദരന്മാർ ആഘോഷമാക്കിയത്.

കേക്കുമുറിക്കലും സംഗീത പരിപാടിയുമായി കേമമായ ആഘോഷമാണ് നടത്തിയത്. പാർട്ടി സ്പോട്ടിലായിരുന്നു പരിപാടി. ബന്ധുക്കളും സുഹൃത്തുക്കളുമായി വലിയൊരു സംഘം ഒത്തുകൂടി. പങ്കെടുത്തവർ മുഖാവരണം ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്തില്ല. വിവരം ലഭിച്ചതിനെത്തുടർന്ന് നിക്കോൾ പോലീസ് മൂവരെയും ശനിയാഴ്ച അറസ്റ്റുചെയ്തു. പകർച്ചവ്യാധി നിയന്ത്രണനിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഏഴുലക്ഷം രൂപയോളമാണ് അബ്ബിയുടെ ജന്മദിനത്തിനായി ഇവർ ചെലവഴിച്ചതെന്ന് നിക്കോൾ പോലീസ് പറഞ്ഞു.