നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

0
95

മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുരാജിനു വേണ്ടി പോലീസ് ഇന്ന് കസ്‌റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക. ഈ മാസം 21 വരെ നീതുവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനും മെഡിക്കല്‍ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനുമാണ് പോലീസ് മൂന്ന് ദിവസത്തെ കസ്‌റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്‌ടര്‍ക്കാണ് അന്വേഷണ ചുമതല. കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിന്റെ വേഷത്തിലെത്തിയാണ് നീതു നവജാത ശിശുവിനെ മോഷ്‌ടിച്ചത്. ചികിൽസക്കെന്ന വ്യാജേന അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞ നീതുവിനെ അടുത്തുള്ള ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.

യുവതി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത് ആൺസുഹൃത്തിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആൺസുഹൃത്തിന്റെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു രാജ് കുറ്റകൃത്യം നടത്തിയെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ വ്യക്‌തമാക്കി. നീതുവിന് ആൺ സുഹൃത്തുമായി ഉണ്ടായിരുന്ന ബന്ധം നിലനിർത്താൻ വേണ്ടി നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ ഇവർ സമ്മതിച്ചിരുന്നു.