Wednesday
17 December 2025
26.8 C
Kerala
HomeKeralaവേമ്പനാട്ട് കായൽ നീന്തിക്കയറി ഏഴുവയസുകാരി ഗിന്നസ് റെക്കോഡിലേക്ക്

വേമ്പനാട്ട് കായൽ നീന്തിക്കയറി ഏഴുവയസുകാരി ഗിന്നസ് റെക്കോഡിലേക്ക്

വേമ്പനാട്ട് കായൽ നീന്തിക്കയറി ഏഴുവയസുകാരി ജുവൽ മറിയം ബേസിൽ ഗിന്നസ് റെക്കോഡിലേക്ക്. ചേർത്തല തവണക്കടവിൽനിന്ന്‌ വൈക്കം കോലോത്തുംകടവ് ചന്തവരെ നാലുകിലോമീറ്റർ ദൂരം ഒരുമണിക്കൂർ 53 മിനിറ്റുകൊണ്ടാണ്‌ ജുവൽ നീന്തിക്കയറിയത്.

ശനി രാവിലെ 8.10ന് ദലീമ ജോജോ എംഎൽഎയുടെ സാന്നിധ്യത്തിലാണ് നീന്തൽ ആരംഭിച്ചത്. 10.03ന് ഈ കൊച്ചുമിടുക്കി ലക്ഷ്യം നേടി. മുഖ്യപരിശീലകൻ ബിജു തങ്കപ്പനും രണ്ടുവള്ളവും മൂന്ന് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥരും മാധ്യമസംഘവും 20 മീറ്റർ മാറി പിന്തുടർന്നു. വിദഗ്ധസംഘം ദൂരവും സമയവും രേഖപ്പെടുത്തി. നാലു കിലോമീറ്ററോളം ദൂരം കായൽ നീന്തിക്കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജുവൽ.

2001ൽ പിറവം സ്വദേശി അൽക്ക സിറിയക് ഒമ്ബത് വയസിൽ വേമ്ബനാട്ട് കായൽ നീന്തിക്കടന്നിരുന്നു. ഈ റെക്കോഡാണ്‌ ഭേദിച്ചത്. കോതമംഗലം എംഎ കോളേജ് ജീവനക്കാരൻ കറുകടം കൊടക്കപ്പറമ്ബിൽ ബേസിലിന്റെയും അധ്യാപിക അഞ്ജലിയുടെയും രണ്ടാമത്തെ മകളാണ് ജുവൽ.

കറുകടം വിദ്യാവികാസ്‌ സ്‌കൂ‌ളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. എംഎ കോളേജിലെ അന്താരാഷ്‌ട്ര നിലവാരമുള്ള സിമ്മിങ്‌ പൂളിലെ വിദഗ്‌ധപരിശീലനവും അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, മുഖ്യപരിശീലകൻ ബിജു തങ്കപ്പൻ എന്നിവരുടെയും മാതാപിതാക്കളുടെയും സ്‌നേഹനിർഭരമായ പ്രോത്സാഹനമാണ് നേട്ടത്തിന് പിന്നിലെന്ന് ജുവൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments