എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തെ തുടർന്ന് മനോനില തെറ്റിയ യു.ഡി.എഫ് ; ഇ പി ജയരാജൻ

0
96

എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തെ തുടർന്ന് മനോനില തെറ്റിയ യു.ഡി.എഫ് ഇതുവരെയും ആ ആഘാതത്തിൽ നിന്ന് മോചിതരായിട്ടില്ല. എന്ന് ഇ പി ജയരാജൻ. ജനങ്ങളുടെ വലിയ പിന്തുണ നേടി മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വലിയ കുതിപ്പാണ് തുടർഭരണത്തിലും ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ദീർഘവീക്ഷണത്തോടെ സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്ന പദ്ധതികൾ യു.ഡി.എഫിനെ ആകെ അലോസരപ്പെടുത്തുകയാണ്. കേരളത്തിന്റെ സമഗ്ര വികസനത്തെ അട്ടിമറിക്കാനാണ് യു.ഡി.എഫ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് കെ-റെയിൽ പദ്ധതിയ്ക്കായി ഭൂമി അളന്ന് അതിർത്തി തിരിച്ച് നാട്ടിയ സർവ്വെ കല്ലുകൾ പറിച്ചുമാറ്റുന്ന പരിപാടിയുമായി മുന്നോട്ടുപോകുന്നത്. പണ്ട്കാലത്ത് അധികാരി ചത്താൽ നികുതി കൊടുക്കേണ്ട എന്ന ഒരു ചൊല്ലുണ്ടായിരുന്നു. അതിനാൽ അധികാരി ചാവാൻ വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കുമായിരുന്നു. അതുപോലെയാണ് ആധുനിക കാലത്തും കോൺഗ്രസ്. സർവ്വെ കല്ല് പിഴുതാൽ പിന്നെ കെ-റെയിൽ പദ്ധതി ഉണ്ടാകില്ല, എന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത്.

കേരളത്തിന്റെ എല്ലാ പുരോഗതിയെയും തകർത്ത പാരമ്പര്യമാണ് യു.ഡി.എഫിനുള്ളത്. കണ്ണൂരിൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചത് സഖാവ് നായനാർ നേതൃത്വം നൽകിയ ഗവണ്മെന്റിന്റെ കാലത്താണ്. മട്ടന്നൂരിൽ സ്ഥലം കണ്ടെത്തുകയും ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്കായി കണ്ണൂർ കലക്ട്രേറ്റ് ആസ്ഥാനമാക്കി ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചു. 4 തഹസിൽദാർമാരെയും നിരവധി റവന്യു ഉദ്യോഗസ്ഥരേയും സർവ്വേ നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാനും വേണ്ടി നിശ്ചയിച്ചു. നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. എന്നാൽ ഇന്നത്തേതുപോലെ അന്ന് കോൺഗ്രസ് (ഐ) കാരും ബിജെപിക്കാരും മൂർഖൻ പറമ്പ് ഏറ്റെടുക്കുന്നതിനെതിരെ രംഗത്ത് വരികയും അതിർത്തി തിരിച്ച് തറച്ച കുറ്റികൾ പറിച്ചെറിയുകയും ചെയ്തു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നു. കണ്ണൂർ കളക്ട്രേറ്റിലെ സ്പെഷ്യൽ ഓഫീസറെ തിരിച്ചു വിളിക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തു. തഹസിൽദാർമാരെ മുഴുവൻ താലൂക്കുകളിലേക്ക് തിരിച്ചയക്കുകയും റവന്യൂ നടപടികൾ നിർത്തുകയും വിമാനത്താവളത്തിന്റെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു.

പിന്നീട് വന്ന സഖാവ് വി.എസ്‌ ന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് വിമാനത്താവളത്തിന്റെ നടപടികൾ വീണ്ടും തുടങ്ങുകയും ഭൂമി ഏറ്റെടുക്കുകയും പ്രവർത്തങ്ങൾ വേഗത്തിലാക്കുകയും ചെയ്തു. പിന്നീട് വന്ന യു.ഡി.എഫ് സർക്കാരിന് വിമാനത്താവളം പൂർത്തീകരിച്ച് തുറന്നുകൊടുക്കാനായില്ല. 2016 ൽ വന്ന സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ ഗവണ്മെന്റ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുത്തു.

ഗെയ്ൽ പദ്ധതിയും യു.ഡിഎഫ് തകർക്കാൻ ശ്രമിച്ചു. ആധുനിക കാലത്ത് പാചകവാതകം പൈപ്പ്ലൈൻ വഴി വീടുകൾക്കും കടകൾക്കും വ്യവസായ ശാലകളിലും എത്തിക്കുന്ന, നാടിന്റെ വികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതിയെ അവസാനിപ്പിക്കാനും ഇല്ലാതാക്കാനും ശ്രമം നടത്തി. എന്നാൽ അതും പൈപ്പിടൽ പൂർത്തിയാകി തുറന്നു നൽകാൻ എൽഡിഎഫ് ഗവണ്മെന്റിനായി.

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുകയും എല്ലാ വീടുകളിലും വാഹന ഉപയോഗം ഉണ്ടാവുകയും ചെയ്തു. അതിനാൽ തന്നെ സംസ്ഥാനത്ത് ഗതാഗത കുരുക്കും രൂക്ഷമാകാൻ തുടങ്ങി. ഇത് ഇല്ലാതാക്കാൻ ബൈപാസുകളും പുതിയ റോഡുകളും വേണം.
ദേശീയപാത വീതികൂട്ടുകയും വേണം. ഇതിനുള്ള നടപടികൾ അവസാനിപ്പിക്കുകയും തടസ്സം നിൽക്കുകയും ചെയ്തവരാണ് കോൺഗ്രസും യു.ഫി.എഫ് മുന്നണിയിലെ ലീഗ് ഉൾപടയുള്ള കക്ഷികളും. കീഴാറ്റൂരിൽ എന്താണ് സംഭവിച്ചെതെന്ന് നാം ഏവരും കണ്ടതാണ്.
എന്നാൽ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കി സുതാര്യമായ നടപടികളിലൂടെ ക്രിയാത്മകമായി സഖാവ് പിണറായി വിജയൻ സർക്കാർ മുന്നേറുകയാണ്. വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ചലനമുണ്ടാക്കുകയാണ്. എല്ലാം നാടിന് ഗുണകരമായി ഭവിക്കുകയാണ്. പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുകയാണ്. വിപണിയിലെ വ്യാപാരം വർദ്ധിക്കുന്നു. കച്ചവടങ്ങളും വ്യവസായങ്ങളും വളരുന്നു. ഇത്തരത്തിൽ നാട്ടിലാകെ
വികസനം സാദ്ധ്യമാവുകയാണ്. ആയിരക്കണക്കിന് തൊഴിൽ സാധ്യതകൾ ഇതിലൂടെ തുറക്കുകയാണ്.

ഇതെല്ലാം കണ്ട് സഹിക്കാൻ കഴിയാതിരിക്കുമ്പോഴാണ് കെ-റെയിൽ പദ്ധതി കൂടി സാധ്യമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ വന്നു ചേരുന്നത് കാണുന്നത്. ഗതാഗത രംഗത്ത് വലിയ വിപ്ലവം ഉണ്ടാകുന്ന സിൽവർ ലൈൻ കൂടി യാഥാർത്ഥ്യമായാൽ നാട് വളരുകയും യു.ഡി.എഫ് തകരുകയും ചെയ്യുമെന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ കല്ല് പിഴുതെറിയൽ. നാടിന്റെ വളർച്ചയും പുരോഗതിയും ലക്ഷ്യമിട്ട് സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടമായി യു.ഡി.എഫ് മാറിയിരിക്കുകയാണ്‌. കെ- റെയിലിന് പൂർണ്ണ പിന്തുണയോടെ റെയിൽവേയും നിലപാട് വ്യക്തമാക്കിയ ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ നില നില്പിന് നല്ലത് നാടിന്റെ വികസനത്തിനൊപ്പം നിൽക്കുന്നതാണ്. അധികാരി ചത്താലും നികുതി കൊടുക്കേണ്ടി വരും. സർവ്വേ കല്ല് പിഴുതെറിഞ്ഞാലും കെ-റെയിൽ വരിക തന്നെ ചെയ്യും എന്നത് മനസ്സിലാക്കി പദ്ധതിക്കൊപ്പം നിൽക്കുക എന്നതാണ് നാട് ഇപ്പോൾ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ കെ- റെയിൽ പദ്ധതി യാഥാർത്യമായാൽ കോൺഗ്രസുകാരായ ഞങ്ങൾ അതിൽ കയറില്ല എന്ന് പ്രതിഞ്ജയെടുത്ത് വികസനത്തിന് മുഖംതിരിഞ്ഞ് നിൽക്കുകയുമാകാം