കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയായി. കുട്ടിയെ തട്ടിയെടുക്കാൻ ആശുപത്രിക്കുള്ളിൽ ആരും പ്രതിയെ സഹായിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വംനൽകിയ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ തോമസ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ചയില്ല. മുൻകൂട്ടി തയ്യാറായി നടത്തിയ തട്ടിയെടുക്കൽ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഉടൻ ആരോഗ്യവകുപ്പിന് കൈമാറും. തോമസ് മാത്യു ശനിയാഴ്ച ആശുപത്രിയിലെത്തി കുട്ടിയുടെ അമ്മ അശ്വതി, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ, നേഴ്സുമാർ, ഡോക്ടർമാർ മറ്റ് ജീവനക്കാർ എന്നിവരിൽനിന്ന് മൊഴിയെടുത്തു. ആശുപത്രി ആർഎംഒ ആർ പി രഞ്ചൻ, ഡെപ്യൂട്ടി സൂപ്രണ്ട് ആർ രതീഷ്, നേഴ്സിങ് സൂപ്രണ്ട് സുജാത എന്നിവർ അംഗങ്ങളായി ആശുപത്രി സൂപ്രണ്ട് നിയോഗിച്ച മൂന്നംഗസമിതിയുടെ അന്വേഷണറിപ്പോർട്ടും പ്രിൻസിപ്പൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടും ഡിഎംഇക്ക് സമർപ്പിച്ചു.
രണ്ടു റിപ്പോർട്ടിലും ആശുപത്രിയിൽ സുരക്ഷാസംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ജീവനക്കാർ തിരിച്ചറിയൽ കാർഡ് ധരിക്കുക, എല്ലാ വാർഡിലും പ്രധാനയിടങ്ങളിലും പുതുതായി നിരീക്ഷണ ക്യാമറ സ്ഥാപിക്കുക, സുരക്ഷ ജീവനക്കാരുടെ ഒഴിവ് നികത്തുക, ഗൈനക്കോളജി വിഭാഗത്തിലെ സുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടുകളിലുള്ളത്.
അശ്വതിയും കുഞ്ഞും ആശുപത്രിവിട്ടു
കരുതലിനും കനിവിനും കടപ്പാട് അറിയിച്ച് അവർ വീട്ടിലേക്ക്. അശ്വതിയും നാലുദിവസം പ്രായമായ അജയയും ആശുപത്രിവാസം കഴിഞ്ഞ് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. ശനി പകൽ 3.30ഓടെയാണ് വിടുതൽ നടപടി പൂർത്തിയായത്.
രാവിലെ കുഞ്ഞിന്റെ രക്ഷകരായ പൊലീസ് ഉദ്യോഗസ്ഥർ അജയക്ക് സമ്മാനം നൽകി സന്തോഷംപങ്കിട്ടു. ഡിവൈഎസ്പി ജെ സന്തോഷ്കുമാർ, എസ്എച്ച്ഒ കെ ഷിജി, എസ്ഐ ടി എസ് റനീഷ് എന്നിവരാണ് സമ്മാനവുമായി വാർഡിലെത്തിയത്. പൊലീസുകാരോടുള്ള തീരാത്ത കടപ്പാട് അശ്വതി അറിയിച്ചു. കാറിൽ വീട്ടിലേക്ക് മടങ്ങുംവഴി ഗാന്ധിനഗർ പൊലീസ്സ്റ്റേഷനിൽ എത്തി മധുരംനൽകി. പൊലീസിനുപുറമെ കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ച ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ, ഹോട്ടൽ മാനേജർ സാബു, റിസപ്ഷനിസ്റ്റ് എലിസബത്ത് എന്നിവർക്കും നന്ദിപറഞ്ഞാണ് കുടുംബം വണ്ടിപ്പെരിയാറിലേക്ക്
രക്ഷകൻ പേരിട്ടു; അവൾ ഇനി ‘അജയ’
പിറന്ന നാൾമുതൽ അഗ്നിപരീക്ഷകളെ അതിജീവിച്ച അവൾ ഇനി ‘അജയ’. കുഞ്ഞിന്റെ രക്ഷകനായ ഗാന്ധിനഗർ എസ്ഐ ടി എസ് റനീഷ് നിർദേശിച്ച പേര് നിറഞ്ഞമനസ്സോടെയാണ് മാതാപിതാക്കൾ സ്വീകരിച്ചത്.
മന്ത്രി വി എൻ വാസവനൊപ്പം അമ്മയുടെ അരികിൽ എത്തിയ റനീഷ് മൂത്തകുട്ടിയുടെ പേര് തിരക്കി. അലൻകൃത എന്ന് മറുപടി. എന്നാൽ ഇവളെ അജയ എന്നു വിളിച്ചാൽ മതി – നിർദേശം മാതാപിതാക്കൾ അംഗീകരിച്ചു.
കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ശനി പകൽ 11ന്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിയോസ്കിൽ അജയ എന്ന പേരും വിലാസവും മാതാപിതാക്കളുടെ പേരും അടങ്ങിയ വിവരങ്ങൾ അച്ഛൻ ശ്രീജിത്ത് നൽകി. ഓൺലൈനിൽ രജിസ്റ്റർചെയ്ത വിവരങ്ങൾ ആർപ്പൂക്കര പഞ്ചായത്തിൽ പരിശോധിച്ച് അംഗീകരിക്കും. ഇടുക്കി വണ്ടിപ്പെരിയാർ 62ാം മൈൽ വലിയതറയിൽ അശ്വതി –ശ്രീജിത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ടുപോയതും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ് അമ്മയെ ഏൽപ്പിച്ചതും വ്യാഴാഴ്ചയായിരുന്നു. കുഞ്ഞിനെ തട്ടിയെടുത്ത പ്രതി നീതുരാജ്(33) റിമാൻഡിലാണ്.
സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരി നിമ്മിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യുട്ടി സൂപ്രണ്ട് ആർ രതിഷ് ആണ് സസ്പെൻഡ് ചെയ്തത്.
ഇബ്രാഹിം ബാദുഷ റിമാൻഡിൽ
നീതുവിന്റെ സുഹൃത്ത് കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷ (28)യെ റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയ റിമാൻഡ് ചെയ്ത ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റി. വെള്ളി രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്റെ 30 ലക്ഷം ഇയാൾ വാങ്ങിയെന്നും മടക്കി ചോദിക്കുമ്പോൾ ക്രൂരമായി മർദിക്കാറുണ്ടെന്നും എട്ടുവയസ്സുള്ള മകനെയും ഉപദ്രവിക്കാറുണ്ടെന്നും നീതു മൊഴിനൽകിയിരുന്നു.