നടിയെ ആക്രമിച്ച കേസിൽ അന്വേഷണം കൊച്ചിയിലെ റെക്കോഡിങ് സ്‌റ്റുഡിയോയിലേക്കും. പ്രതിയായ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നാണിത്.
ഒന്നാംപ്രതി പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്റെ മുന്നിലിരുന്നു കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങളുടെ യഥാർഥ വീഡിയോയിലെ ശബ്ദത്തിനു വ്യക്തത കൂട്ടാനാണ് റെക്കോഡിങ് സ്‌റ്റുഡിയോയെ ആശ്രയിച്ചത്.
യഥാർഥ ശബ്ദത്തിന്റെ 20 ഇരട്ടി വർധിപ്പിച്ച് ദിലീപും സംഘവും ദൃശ്യങ്ങൾ കണ്ടു. ഭയവും സങ്കടവും മൂലം ദൃശ്യങ്ങൾ കാണാൻ പോയില്ല. എന്നാൽ സ്വന്തം ടാബിൽ ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദം റെക്കോഡ് ചെയ്‌തു.
ദുബായിൽനിന്ന് നാട്ടിലെത്തിയ ഒരാളാണ് ദൃശ്യങ്ങളടങ്ങിയ ടാബ് ദിലീപിന് കൈമാറിയത്. പേര് അറിയില്ലെങ്കിലും ഇയാളെ കണ്ടാൽ തിരിച്ചറിയുമെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകി. റെക്കോഡ് ചെയ്ത ശബ്ദത്തിന്റെ പകർപ്പും അന്വേഷകസംഘത്തിനു കൈമാറി. ഇതിനിടെ, പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷകസംഘം നിയമോപദേശം തേടി.
സമഗ്രാന്വേഷണത്തിന് നിർദേശം
പുതിയ വെളിപ്പെടുത്തലുകളിൽ ഉൾപ്പെടെ കേസിൽ സമഗ്രാന്വേഷണത്തിന് നിർദേശം നൽകി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിലായിരുന്നു യോഗം. കോടതി നിർദേശം പാലിച്ചാകും അന്വേഷണമെന്ന് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.