ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്‌സിജൻ ലഭ്യത വിലയിരുത്താൻ കേന്ദ്രം വിളിച്ചുചേർത്ത സംസ്ഥാനങ്ങളുടെ യോഗത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് മുന്നറിയിപ്പ് നൽകിയത്. അടിസ്ഥാനതലംവരെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഓക്‌സിജൻ ഉപകരണങ്ങൾ ഉറപ്പുവരുത്തേണ്ട പ്രാഥമികവും നിർണായകവുമായ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കുണ്ടെന്ന് ഭൂഷൺ ഓർമിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച അടിയന്തര നിധി പൂർണമായും വിനിയോഗിക്കാം–- ഭൂഷൺ യോഗത്തിൽ പറഞ്ഞു.
നഗരങ്ങളിൽ തീവ്രവ്യാപനം
ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ കോവിഡ് വ്യാപനം തീവ്രമാവുകയാണ്. മുംബൈയിൽ വെള്ളിയാഴ്‌ച 20,971 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്‌ചത്തേക്കാൾ കേസുകൾ നാലു ശതമാനം കൂടി. കർണാടകത്തിൽ 8449 രോഗികൾ. ഇതിൽ 6812 പേരും ബംഗളൂരുവിൽ. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ വെള്ളി രാത്രി പത്തുമുതൽ നിലവിൽ വന്നു. തിങ്കൾ പുലർച്ചെ അഞ്ചുവരെ തുടരും. ഡൽഹിയിൽ വെള്ളിയാഴ്‌ച 17,335 പേർക്ക് രോഗം സ്ഥിരീകരിച്ചു.