Sunday
11 January 2026
24.8 C
Kerala
HomeIndia3000 കടന്ന് ഒമിക്രോൺ ; 24 മണിക്കൂറിൽ 1,17,100 പേർക്ക്‌ കോവിഡ്‌

3000 കടന്ന് ഒമിക്രോൺ ; 24 മണിക്കൂറിൽ 1,17,100 പേർക്ക്‌ കോവിഡ്‌

രാജ്യത്ത്‌  ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കോവിഡ്‌ സ്ഥിരീകരിക്കുന്ന എല്ലാ സാമ്പിളും ജനിതക ശ്രേണീകരണത്തിന്‌ അയക്കാത്തതിനാൽ ഒമിക്രോൺ കേസുകളുടെ യഥാർഥ എണ്ണം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതിന്റെ പലമടങ്ങായിരിക്കുമെന്ന് വിദഗ്‌ധർ. 3007 പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ്‌ കൂടുതൽ–- 876. ഡൽഹി–- 465, കർണാടകം–- 333, രാജസ്ഥാൻ–- 291, ഗുജറാത്ത്‌–- 204, തമിഴ്‌നാട്‌–- 121, ഹരിയാന–- 114, തെലങ്കാന–- 107.

അസമില്‍ മൂന്നാംവ്യാപനം
ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത്‌ മൂന്നാം വ്യാപനം ആരംഭിച്ചെന്ന്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ പറഞ്ഞു. ജനുവരി മുപ്പതുവരെ സ്‌കൂളുകൾ അടച്ചു. ഹോട്ടലുകളിലും മാളുകളിലും ഓഫീസുകളിലും മറ്റും രണ്ട്‌ ഡോസ്‌ എടുത്തവർക്കുമാത്രം പ്രവേശനം. ഒഡിഷയിൽ ജനുവരി പത്തുമുതൽ കോളേജുകളും സർവകലാശാലകളും അടയ്ക്കും.

ഒമിക്രോണ്‍ മരണകാരണമാകും
കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ  നിസ്സാരവൽക്കരിക്കരുതെന്ന് ലോകാരോ​ഗ്യ സംഘടന. ഡെൽറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോണിന് അപകടസാധ്യത കുറവാണെങ്കിലും  നിസ്സാരമായി തള്ളിക്കളയേണ്ട വകഭേദമാണെന്ന് അർഥമില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.

അത്‌ അതിവേ​ഗം പടരുകയും മരണകാരണമാകുകയും ചെയ്യുന്നു. ചുരുങ്ങിയ സമയംകൊണ്ട്   ഡെല്‍റ്റ വകഭേദത്തെ മറികടക്കുമെന്ന സ്ഥിതിയായി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടി. നല്ലൊരുവിഭാ​ഗം വാക്സിന്‍ എടുത്തതിനാല്‍ മാത്രമാണ് അതിമാരകമാകാത്തതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ചൂണ്ടിക്കാട്ടി.

RELATED ARTICLES

Most Popular

Recent Comments