പഞ്ചാബ് ഉപമുഖ്യമന്ത്രി ഒപി സോണിയുടെ കാര്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ഉപമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച് ‘മോദി സിന്ദാബാദ്’ എന്ന് വിളിപ്പിച്ചു.
‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി പ്രവർത്തകരാണ് ഉപമുഖ്യമന്ത്രിയെ തടഞ്ഞത്. കാറില്‍ നിന്ന് പുറത്തിറങ്ങി ‘മോദി സിന്ദാബാദ്’ എന്ന് വിളിക്കുന്നതു വരെ അദ്ദേഹത്തിന്റെ വാഹനം കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പഞ്ചാബിലെ മാദ്ധ്യമ പ്രവര്‍ത്തകനായ ഗഗന്‍ദീപ് സിംഗ് ആണ് സംഭവത്തിന്റെ വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വീഡിയോയില്‍, കനത്ത മഴക്കിടയിലും ഉപമുഖ്യമന്ത്രിയുടെ കാറിന് ചുറ്റും ബിജെപിക്കാര്‍ തടിച്ചുകൂടി നില്‍ക്കുന്നതും ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന ഇവരെ പോലീസുകാർ തടയാന്‍ ശ്രമിക്കുന്നതും കാണാം. ഒടുവിലായി കാറില്‍ നിന്നും പുറത്തേക്കിറങ്ങി ‘മോദി സിന്ദാബാദ്’ എന്ന് ഉപമുഖ്യമന്ത്രി വിളിക്കുന്നതും വീഡിയോയിൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞതിന് മറുപടിയായിട്ടാണ് ഉപമുഖ്യമന്ത്രിയെ ബിജെപി സംഘം വഴിയില്‍ തടഞ്ഞത്.
വ്യാഴാഴ്‌ച പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ വാഹനവ്യൂഹവും ഒരു കൂട്ടം ആളുകള്‍ തടഞ്ഞിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്‌തമായാണ് മുഖ്യമന്ത്രി പ്രതിഷേധക്കാരോട് പെരുമാറിയത്. വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി കാറില്‍ നിന്ന് ഇറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് പോവുകയും എന്താണ് നിങ്ങളുടെ ആവശ്യമെന്ന് അവരോട് ചോദിക്കുകയും ആയിരുന്നു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുകയാണ് തങ്ങളുടെ ആവശ്യമെന്ന് പറഞ്ഞ പ്രതിഷേധക്കാർക്ക്, വെള്ളിയാഴ്‌ച ചണ്ഡീഗഡിലെ തന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യോഗത്തില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുമെന്നും അത് നിറവേറ്റാന്‍ ശ്രമിക്കുമെന്നും ഉറപ്പുനല്‍കി. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പ്രകടനം നടത്തുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും വകുപ്പിലെ ജീവനക്കാരായിരിക്കണം പ്രതിഷേധിച്ചതെന്നും ആയിരുന്നു പ്രതികരിച്ചത്.