എല്ലാം ചെയ്തത് ദിലീപിന് വേണ്ടി, കോടികള്‍ വാഗ്ദാനം ചെയ്തു; ദിലീപിനെതിരെ പള്‍സര്‍ സുനിയുടെ അമ്മ

0
55

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്നും ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളികളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 2015 മുതലാണ് ഗൂഢാലോചന നടക്കുന്നത്. കൃത്യം നടത്തുന്നതിന് വേണ്ടി കോടി കണക്കിന് രൂപ പള്‍സര്‍ സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്‌തെന്നും അമ്മ പറഞ്ഞു.

ജയിലില്‍ തന്റെ ജീവന്‍ സുരക്ഷിതമല്ലെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്തും സുനിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കുടുംബത്തേയും ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ഭയമുണ്ടെന്നും അമ്മ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരൂഹതയുണ്ടെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.