കൊച്ചി > വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി. നാടിന്റെ ഭാവിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ചിലര്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നു എന്നുള്ളതുകൊണ്ട് പദ്ധതി ഉപേക്ഷിക്കുന്നത് ശരിയല്ല. നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കലാണ് സര്‍ക്കാരിന്റെ കടമ. എതിര്‍പ്പുകള്‍ക്കു മുന്നില്‍ വഴങ്ങി കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മ്മം. ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല സര്‍ക്കാരിന്റെ നിലപാട്. പ്രയാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കില്ല. ജനങ്ങളോട് ഒപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസമക്ഷം സില്‍വര്‍ ലൈന്‍ യോഗത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ രംഗം ഏറെ മെച്ചപ്പെട്ടതാണെന്നും ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ആദ്യം എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിറകോട്ട് പോകാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. നാടിന്റെ പൊതു ആവശ്യം കണക്കിലെടുത്ത് എല്ലാവരും പിന്നീട് സഹകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.