നഴ്സിംഗ് അസിസ്റ്റന്റ് എന്ന വ്യാജേന കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ അര മണിക്കൂറിനകം കണ്ടെത്തി കുഞ്ഞിന്റെ അമ്മയെ തിരികെയേൽപ്പിച്ച് പൊലീസ്. വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രസവവാര്‍ഡിലായിരുന്നു സംഭവം. മുണ്ടക്കയം സ്വദേശിനിയുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോയത്. നേഴ്സിങ് അസിസ്റ്റന്റ് എന്ന വ്യാജേന എത്തി കുട്ടിയെ കടത്താൻ ശ്രമിച്ചത്.
കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മ നഴ്സിംഗ് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കി. എന്നാല്‍ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.
ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി അമ്മയെ തിരികെ ഏല്‍പ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പൊലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെയുമായി തിരിച്ചെത്തിയ പൊലീസിനെ നാട്ടുകാര്‍ കയ്യടിയോടെയാണ് വരവേറ്റത്. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.