കെ-റെയിലിന്‌ എറണാകുളത്ത്‌ രണ്ട്‌ സ്‌റ്റേഷനുകൾ; മെട്രോ, ജല മെട്രോ സർവീസുകൾ ബന്ധിപ്പിക്കും

0
32

കെ-റെയില്‍ അര്‍ധ അതിവേഗ സില്‍വര്‍ ലൈന്‍ പാതയ്‌ക്ക് എറണാകുളം ജില്ലയിലുള്ളത്‌ രണ്ടു സ്‌റ്റേഷനുകള്‍. കാക്കനാട് ഇന്‍ഫോപാര്‍ക്കിന്‌ സമീപവും നെടുമ്പാശേരി വിമാനത്താവളത്തിന്‌ സമീപവുമാണ്‌ സ്‌റ്റേഷനുള്ളത്. ഇതില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ കൊച്ചി മെട്രോയും സില്‍വര്‍ലൈനും ഒരേ സ്റ്റേഷന്‍ കെട്ടിടത്തിൽ പ്രവർത്തിക്കും. ഇതു കൂടാതെ ജല മെട്രോയുമായി കെ‐റെയിലിനെ ബന്ധിപ്പിക്കും. ജില്ലയിലെ രണ്ടു സ്‌റ്റേഷനുകളില്‍നിന്നും പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ലാസ്റ്റ് മൈല്‍ കണക്‌ടിവിറ്റിയുമുണ്ടാകും.
ദേശീയ ജലപാതയില്‍ നിന്നും കണക്‌ടിവിറ്റി ഉണ്ടാകുമെന്ന് കെ-റെയില്‍ എം ഡി വി അജിത് കുമാര്‍ പറഞ്ഞു. വിശാലമായ, പരിധിയില്ലാത്ത മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്‌ സ്ഥലമാകും ഓരോ സ്‌റ്റേഷനിലുമുണ്ടാകുക. ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഷന്‍ സമുച്ചയത്തില്‍ ഷോപ്പിങ് മാൾ, ഹോട്ടലുകള്‍, ബിസിനസ് ഹബ് എന്നിവയുമുണ്ടാകും. വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. എറണാകുളം ജില്ലയിലൂടെ 52 കിലോമീറ്റര്‍ പാതയാണ് കടന്നുപോകുന്നത്.