പോക്സോ കേസ് ഒതുക്കി; സ്റ്റേഷനില്‍ മദ്യപാര്‍ട്ടി, എസ്ഐ അടക്കം ആറ് വനിതാ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

0
89

പോക്സോ കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ എസ്‌ഐയെയും പൊലീസ് സ്റ്റേഷനില്‍ മദ്യപാര്‍ട്ടി നടത്തിയതിന് അഞ്ച് വനിതാ പൊലീസുകാരെയും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ സസ്പെന്‍ഡ് ചെയ്തു.
പോക്സോ കേസ് ഒതുക്കാന്‍ ശ്രമിച്ച പാണ്ഡേശ്വർ വനിതാ സ്റ്റേഷനിലെ എസ് ഐ റോസമ്മയെയാണ് സസ്പെന്റ് ചെയ്തത്.

ഹെഡ് കോൺസ്റ്റബിൾ പ്രതിയായായ കേസിൽ ആരോപണവിധേയനെ രക്ഷിക്കാൻ റോസമ്മ ഇടപെട്ടതായി പരാതി ഉയർന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിളിനെ രക്ഷിക്കുന്നതിനായി ഒത്തുകളിച്ചുവെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് റോസമ്മയെ സസ്പെന്റ് ചെയ്തത്.

പാണ്ഡേശ്വർ വനിതാ പൊലീസ് സ്റ്റേഷനില്‍ മദ്യപാര്‍ട്ടി നടത്തിയതിനാണ് അഞ്ച് വനിതാ പൊലീസുകാര്‍ക്കെതിരെ നടപടി. രണ്ട് എഎസ്‌ഐ, രണ്ട് ഹെഡ്കോണ്‍സ്റ്റബിള്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സ്റ്റേഷനകത്തുവെച്ച് മദ്യപിക്കുകയും തുടർന്ന് നൃത്തം വെക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇക്കഴിഞ്ഞ അഗസ്തിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ പാര്‍ട്ടിയുടെ തെളിവുകള്‍ ലഭിച്ചു.