നവജാത ശിശുവിനെ കടത്താന്‍ ശ്രമിച്ചത് കളമശേരി സ്വദേശിനി, അറസ്റ്റ് ചെയ്തു

0
39

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിനെ കടത്താന്‍ ശ്രമിച്ചത് എറണാകുളം കളമശേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. കളമശേരി സ്വദേശി നീതു (23) ആണ് അറസ്റ്റിലായത്. കുട്ടിക്കടത്തിന് പിന്നില്‍ റാക്കറ്റ് ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കുഞ്ഞിന് നിറ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് അമ്മയുടെ കയ്യില്‍ നിന്നും കൊണ്ടുപോയത്. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്താന്‍ ശ്രമിച്ചത്.

അറസ്റ്റിലായ നീതുവിനെ ചോദ്യം ചെയ്തുവരികയാണ്. മൂന്ന് മാസം മുമ്പ് യുവതിയെ വ്യാജ ഡെന്റല്‍ ഡോക്ടറായി തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. താക്കീത് നല്‍കി യുവതിയെ പിന്നീട് വിട്ടയച്ചിരുന്നു. കുഞ്ഞിനെ തട്ടിയെടുത്തതിന് പിന്നില്‍ മറ്റ് ആരെങ്കിലും ഉണ്ടോയെന്ന് സംശയവും പൊലീസിനുണ്ട്. യുവതിയുടെ ഒപ്പം ഒരു കുട്ടി കൂടിയുണ്ട്.

കുട്ടിക്കടത്തിന് പിന്നില്‍ റാക്കറ്റോണോയെന്ന് സംശയമുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വാസവന്‍ പറഞ്ഞു. സംഭവം അപ്രതീക്ഷിതമായാണ് നടന്നത്. തിരുവല്ലയില്‍ നിന്നാണ് വരുന്നതെന്ന് യുവതി പറഞ്ഞു. യുവതിയുടെ കൂടെ മറ്റൊരു ആണ്‍കുട്ടി കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു.