മരങ്ങള്‍ വെട്ടി വിറ്റതിന്റെ പേരില്‍ യുവാവിനെ നാട്ടുകാര്‍ കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ സിംദേഗ ജില്ലയില്‍ നിന്നുള്ള യുവാവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സഞ്ജു പ്രധാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മരങ്ങള്‍ പവിത്രമാണെന്നും അവയെ ഉപദ്രവിക്കുന്നത് ദൈവനിന്ദയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.
കൊലപാതകത്തിന് ശേഷം മൃതദേഹം നാട്ടുകാര്‍ ചേര്‍ന്ന് കത്തിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുവാവ് മരം മുറിച്ചിരുന്നു. ഇതിന് പിന്നാലെ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ യുവാവ് പങ്കെടുത്തിരുന്നില്ല. ഇതില്‍ പ്രകോപിതരായ ഗ്രാമീണര്‍ യുവാവിനെ വീടിന് പുറത്തിട്ട് കൊലപ്പെടുത്തുകയായിരുന്നുന്നെന്ന് പൊലീസ് പറഞ്ഞു.
അഞ്ഞൂറിലധികം പേര്‍ ഉള്‍പ്പെട്ട ആള്‍ക്കൂട്ടക്കൊലയായതിനാല്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആ പ്രദേശത്തുള്ള മരങ്ങള്‍ തങ്ങളുടെ മതവിശ്വാസമനുസരിച്ച് പവിത്രമാണെന്നും അവ മുറിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തിന്റെ അധീനതയിലുള്ള സ്ഥലത്തായിരുന്നു മരങ്ങള്‍ ഉണ്ടായിരുന്നത്.