ഇടുക്കി> സിൽവർ ലൈൻ പാതക്കായുള്ള അതിരടയാള കല്ലുകൾ എടുത്തുമാറ്റിയത് കൊണ്ട് കെ റെയിൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളിൽ നിന്ന് യുഡിഎഫ് പിന്തിരിയണം. ജനങ്ങൾ കെ റെയിലിന് അനുകൂലമാണ്. യുദ്ധം ചെയ്യാനുള്ളകെൽപൊന്നും ഇപ്പോൾ കോൺഗ്രസിനില്ലെന്ന്, യുദ്ധസമാന സമരം ചെയ്യുമെന്ന കെ സുധാകരന്റെ പ്രസ്താവനക്ക് മറുപടിയായി കോടിയേരി പറഞ്ഞു.
ഇടുക്കി സമ്മേളനത്തിൽ നടന്നുവെന്നാരോപിച്ച് വക്രീകരിച്ചതും വാസ്തവവിരുദ്ധവുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. സമ്മേളനത്തിൽ ആഭ്യന്തരത്തിന് മാത്രമായി ഒരു മന്ത്രിവേണമെന്ന് പ്രതിനിധികളാരോ പറഞ്ഞുവെന്നാണ് ഇന്ന് മാധ്യമങ്ങൾ എഴുതിപിടിപ്പിച്ചിട്ടുള്ളത്. അങ്ങിനെ ഒന്ന് ഉണ്ടായിട്ടില്ല. ആരോ തരുന്ന തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്.
സംസ്ഥാനത്ത് 50000 പരം ആളുകളുടെ സേനയാണ് പൊലീസ് .അതിൽ വീഴ്ച വരുത്തുന്നവർ കുറച്ചുപേരാണ് . അവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. കുറ്റക്കാരെ സർക്കാർ സംരക്ഷിക്കാറില്ല. ഇന്ത്യയിൽ തന്നെ മികച്ച പൊലീസ് ആണ് കേരളത്തിലേത്. പ്രധാനപെട്ട കേസുകൾ തെളിയിക്കാൻ ഇപ്പോഴും പൊലീസിന് കഴിയുന്നുണ്ട്. സിബിഐക്ക് വിട്ട കേസിൽ പൊലീസ് കണ്ടെത്തിയതിൽ കൂടുതൽ എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞോ. വാളയാർ, പെരിയ കേസുകളിൽ എന്താണ് പുതിയതായി കണ്ടെത്തിയത്.
പൊലീസിനുണ്ടാകുന്ന വീഴ്ചകളെ കുറിച്ച് ഹൈക്കോടതി നിരീക്ഷണം നടത്തുന്നത് പുതിയ കാര്യമല്ല.ആ നിരീക്ഷണങ്ങൾ സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാറുണ്ട്.
സിപിഐഎമ്മും സിപിഐയും യോജിച്ച് പ്രവർത്തിക്കുന്ന രണ്ട് ഇടതു പ്രസ്ഥാനങ്ങളാണ്. ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ രണ്ട് പാർടികർ തമ്മിലുള്ള ബന്ധം തകരുന്നതല്ല. മാധ്യമങ്ങൾ അങ്ങനെ കരുതേണ്ടെന്നും കോടിയേരി പറഞ്ഞു.