Sunday
11 January 2026
24.8 C
Kerala
HomeKeralaമദ്യപിച്ച്‌ ട്രെയിനിൽ സ്ത്രീ യാത്രക്കാരെ ശല്യപ്പെടുത്തിയ പൊന്നൻ ഷെമീർ അറസ്റ്റിൽ

മദ്യപിച്ച്‌ ട്രെയിനിൽ സ്ത്രീ യാത്രക്കാരെ ശല്യപ്പെടുത്തിയ പൊന്നൻ ഷെമീർ അറസ്റ്റിൽ

മാവേലി എക്‌സ്‌പ്രസിൽ കഴിഞ്ഞ ദിവസം മദ്യപിച്ച്‌ യാത്രക്കാരെ ശല്യപ്പെടുത്തിയ പൊന്നൻ ഷെമീർ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ കൂത്തുപറമ്പ്‌ നീർവേലി സ്വദേശി ഷമീറിനെ ബുധനാഴ്‌ച രാവിലെ കോഴിക്കോട്‌ ലിങ്ക്‌ റോഡ്‌ പരിസരത്തുനിന്നാണ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ഇയാളെ റെയിൽവേ പൊലീസ്‌ കണ്ണൂരിലേക്ക്‌ കൊണ്ടുപോയി.

കൂത്തുപറമ്പ്‌ നീർവേലി സ്വദേശിയായ ഷെമീർ ഇപ്പോൾ ഇരിക്കൂറിലാണ്‌ താമസം. സ്‌ത്രീപീഡനക്കേസിലും വധശ്രമക്കേസിലും ഇയാൾ പ്രതിയായിരുന്നു. കൂത്തുപറമ്പ്‌ ഗോകുലതെരുവിലെ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന്‌ പണം മോഷ്‌ടിച്ചതും ഷമീറായിരുന്നു. സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളായി പൊലീസിന്റെ പട്ടികയിലുള്ളയാളാണ്‌ ഷമീർ. ബന്ധുവായ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസിലും ഇയാൾ പ്രതിയായിരുന്നു. ബന്ധുക്കൾ തമ്മിൽ സംസാരിച്ച്‌ ഈ കേസ്‌ പീന്നീട്‌ ഒത്തുതീർപ്പാക്കിയിരുന്നു.

സ്‌ത്രീയുടെ മാലപൊട്ടിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. 2001, 2010, 2014, 2016 എന്നീ വർഷങ്ങളിലാണ്‌ ഇയാളുടെ പേരിലുള്ള കേസുകൾ. മാധ്യമങ്ങളിൽ വന്ന വീഡിയോയിൽ ഉള്ളത്‌ ഷെമീറാണെന്ന്‌ ബന്ധുക്കൾ ചൊവ്വാഴ്‌ച സ്ഥീരീകരിച്ചിരുന്നു. ധരിച്ച ടീഷർട്ടും മറ്റും കണ്ടാണ്‌ ബന്ധുക്കൾ ഇയാളെ തിരിച്ചറിഞ്ഞത്‌. പൊലീസും ചൊവ്വാഴ്‌ച ഇയാളെ തേടി വീട്ടിലെത്തിയിരുന്നു.

ഞായറാഴ്‌ച രാത്രി മാവേലി എക്‌സ്‌പ്രസിൽ മയ്യഴിയിൽനിന്ന്‌ കയറിയ ഷമീറും സുഹൃത്തുമാണ്‌ മദ്യലഹരിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്‌. യാത്രക്കാർക്ക്‌ ഇവരുടെ പെരുമാറ്റം അസഹ്യമായതോടെ പരാതിപ്പെടുകയായിരുന്നു. മദ്യക്കുപ്പിയുമായി ഇയാൾ നിലത്തിരുന്നതോടെ കംപാർട്ട്‌മെന്റിൽ നിന്ന്‌ നീക്കുന്നതിനാണ്‌ പൊലീസിന്‌ ബലം പ്രയോഗിക്കേണ്ടിവന്നത്‌. എട്ടു കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ മൂന്ന്‌ വർഷം തടവും അനുഭവിച്ചിട്ടുണ്ട്‌.

ടിക്കറ്റ്‌ എടുക്കാത്തതിന്‌ ട്രെയിനിൽ യാത്രക്കാരനെ പൊലീസ്‌ ചവിട്ടിയെന്ന നിലയിലാണ്‌ കഴിഞ്ഞ ദിവസം ഈ സംഭവത്തെ മാധ്യമങ്ങൾ ആഘോഷിച്ചത്‌. മദ്യലഹരിയിൽ മോശമായി പെരുമാറിയെന്ന സ്‌ത്രീ യാത്രക്കാരുടെ പരാതി തുടർന്നായിരുന്നു പൊലീസ്‌ ഇടപെടൽ. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിയും നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments