മോഡിയെ റോഡില്‍ തടഞ്ഞ് കര്‍ഷകര്‍; പഞ്ചാബിലെ ഫ്‌ളൈഓവറില്‍ കുടുങ്ങിയത് 20 മിനിറ്റ്, വൻസുരക്ഷാവീഴ്ചയെന്ന് കേന്ദ്രം

0
45

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡിൽ തടഞ്ഞ് കർഷകർ. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈഓവറിലാണ് കർഷകർ പ്രധാനമന്ത്രിയെയും സംഘത്തെയും തടഞ്ഞത്.  പ്രതിഷേധം കാരണം 20 മിനിറ്റിലേറെ സമയം പ്രധാനമന്ത്രിക്ക് ഫ്ലൈഓവറില്‍ കാത്തുകിടക്കേണ്ടിവന്നു. തുടർന്ന് പഞ്ചാബിലെ പരിപാടികളും തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി. മോശം കാലാവസ്ഥയെതുടര്‍ന്നാണ് റാലി റദ്ദാക്കി എന്നാണ് അധികൃതരുടെ വിശദീകരണം. ഞായറാഴ്ചത്തെ ലഖ്‌നൗ റാലിയും റദ്ദാക്കി.

ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, കാലാവസ്ഥ മോശമായതിനാലാണ്​ റോഡ് മാർഗം തെരഞ്ഞെടുത്തത്. മുന്‍കൂട്ടി ഇക്കാര്യം പഞ്ചാബ്​ ഡിജിപിയെ അറിയിച്ചു. എന്നാല്‍ മെമ്മോറിയല്‍ എത്തുന്നതിന്​ 30 കിലോമീറ്റര്‍ മുമ്പ് പ്രതിഷേധത്തിൽപ്പെട്ട് പ്രധാനമന്ത്രി കുടുങ്ങി.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിനിടെ പഞ്ചാബില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിഷേധം കാരണം പ്രധാനമന്ത്രിക്ക് മടങ്ങേണ്ടിവന്ന സാഹചര്യം ഗുരുതരമാണ്​. വലിയ സുരക്ഷവീഴ്ചയാണ്​ പഞ്ചാബിലുണ്ടായത്​. ഇതിന്​ പിന്നാലെ പഞ്ചാബിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പഞ്ചാബിലെ സുരക്ഷാവീഴചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട്​ വിശദീകരണം തേടി. പഞ്ചാബിലെ മോദിയുടെ പരിപാടിയെ കുറിച്ച്‌​ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു. അതിന്​ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചാബ്​ ബാധ്യസ്ഥരാണ്​. എന്നാല്‍, ഇത്​ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.