യുഡിഎഫ് യോഗത്തിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പങ്കെടുപ്പിക്കേണ്ടതില്ലെന്നു തീരുമാനം. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലേക്കാണ് ഇരുവരേയും ക്ഷണിക്കാതിരുന്നത്.
പാര്‍ട്ടിയിലെടുക്കുന്ന പല തീരുമാനങ്ങളും കൂടിയാലോചനയില്ലാതെയാണ് എടുക്കുന്നതെന്ന പരാതി ഇരുനേതാക്കളും ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. കോൺഗ്രസ് പുനഃസംഘടന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനുമെതിരെ ഇരുവരും പരസ്യമായി രംഗത്തുവന്നിരുന്നു.
ഏറ്റവുമൊടുവിൽ ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് താനും കെപിസിസി പ്രസിഡന്റും പറയുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷവും താന്‍ ഒറ്റയാള്‍ പോരാളിയായിരുന്നുവെന്നും താന്‍ കൊണ്ടുവന്ന പലവിഷയങ്ങളും പിന്നീട് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും ഇനിയും ജനങ്ങള്‍ക്ക് വേണ്ടി അത് തുടരുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.