മരുമകളുടെ ആത്മഹത്യ: രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍

0
78

മകന്റെ ഭാര്യയുടെ മരണത്തില്‍ നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത പൊലീസില്‍ കീഴടങ്ങി. നെടുമങ്ങാട് ഡിവൈഎസ്പി മുമ്പാകെയാണ് ശാന്ത കീഴടങ്ങിയത്. മകന്‍ ഉണ്ണി രാജന്‍ പി ദേവ് നേരത്തെ അറസ്റ്റിലായിരുന്നു. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

പ്രിയങ്കയുടെ ആത്മഹത്യയില്‍ ശാന്തയ്ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ് നേരത്തെ എത്തിയിരുന്നു. പിന്നീട് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശാന്തയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് ശാന്ത ഒളിവില്‍ പോകുകയായിരുന്നു. 2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം. മേയ് 12 നാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉണ്ണിയുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും പിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുന്നതായി പ്രിയങ്ക മരിക്കും മുന്‍പേ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.