വാളയാറിൽ വിജിലൻസ് റെയ്ഡ്, പണത്തിനൊപ്പം പച്ചക്കറികളും കെെക്കൂലി

0
95

വാളയാറിൽ ആർടിഒ ചെക്ക് പോസ്റ്റിൽ പണത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും കൈക്കൂലി. മത്തങ്ങയും ഓറഞ്ചും വരെ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങുന്നു എന്നാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. റെയ്ഡിൽ 67,000 രൂപയും പിടിച്ചെടുത്തു.

ചരക്കു വാഹനങ്ങളിൽ കൊണ്ടു വരുന്ന ഡ്രൈവർമാരിൽ നിന്ന്, അവർ എന്താണോ കൊണ്ട് വരുന്നത് അത് കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പച്ചക്കറി, ഓറഞ്ച് തുടങ്ങി എന്താണോ ചരക്കു വാഹനങ്ങളിൽ കൊണ്ട് വരുന്നത് അത് കൈക്കൂലിയായി വാങ്ങിവെക്കുന്നു. നേരത്തെ പണമായിരുന്നു കൈക്കൂലിയായി വാങ്ങിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് പച്ചക്കറിയായും പഴങ്ങളായും മാറിയിരിക്കുന്നു എന്നാണ് വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

വിജിലൻസ് സംഘത്തെ കണ്ടതോടെ ഓഫീസിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് കുതറി ഓടി. അഞ്ച് പേരായിരുന്നു ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരാണ് മറ്റുള്ളവർ.