Tuesday
23 December 2025
28.8 C
Kerala
HomeKeralaപി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി പി എ...

പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കും. ആവശ്യമായിടത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കും. ശുചിത്വം ഉള്‍പ്പെടെ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും. റസ്റ്റ് ഹൗസുകളെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ശൃംഖല ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസ് ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

റസ്റ്റ് ഹൗസുകള്‍ നവീകരിക്കാനുള്ള പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും. കൂടുതല്‍ റസ്റ്റ് ഹൗസുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. റസ്റ്റ് ഹൗസുകളില്‍ കേന്ദ്രീകൃത സി സി ടി വി സംവിധാനം നടപ്പാക്കും. എല്ലാ റസ്റ്റ് ഹൗസുകളേയും ബന്ധിപ്പിച്ച് തിരുവനന്തപുരത്തു നിന്നും നിരീക്ഷിക്കാൻ പറ്റുന്ന സംവിധാനവും നിലവില്‍ വരും.നിയമസഭാ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തി വിലയിരുത്താൻ രൂപീകരിച്ച കോൺസ്റ്റിറ്റ്യൂൻസി മോണിറ്ററിംഗ് ടീമിലെ ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളില്‍ റസ്റ്റ് ഹൗസുകളില്‍ എത്തി വിലയിരുത്തും. കെട്ടിട വിഭാഗവും പ്രത്യേക ഇന്‍സ്പെക്ഷന്‍ ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബര്‍ 31 വരെയുള്ള കണക്ക് അനുസരിച്ച് 65, 34, 301 രൂപ റസ്റ്റ് ഹൗസുകളിലെ വരുമാനമായി ലഭിച്ചു. ഇതില്‍ 52,57,368 രൂപയും ലഭിച്ചത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ്. 8378 ആളുകള്‍ രണ്ടു മാസത്തിനകം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. ചീഫ് എഞ്ചിനിയര്‍മാരായ എല്‍ ബീന, മധുമതി കെ ആര്‍, അജിത് രാമചന്ദ്രന്‍, അശോക് കുമാര്‍ എം, ഹൈജീന്‍ ആല്‍ബര്‍ട്ട് , കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്ത്, പ്രിന്‍സിപ്പാള്‍ ഡോ. ബി രാജേന്ദ്രന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 32 ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. നാലു ബാച്ചുകളായി മറ്റുള്ളവര്‍ക്ക് ഈ വര്‍ഷം പരിശീലനം നല്‍കും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ഹൗസ് കീപ്പിംഗ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള കിറ്റ്സിന്റെ സഹകരണത്തോടെയാണ് പരിശീലനം.

RELATED ARTICLES

Most Popular

Recent Comments