ട്രെയിനിൽ കുഴപ്പമുണ്ടാക്കിയത് പൊന്നൻ ഷമീർ, മാലപിടിച്ചു പറിക്കൽ, ഭണ്ഡാര മോഷണകേസുകളിലും പ്രതി

0
28

മാവേലി എക്‌സ്പ്രസിൽ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയും സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ആളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നിർവേലി സ്വദേശിയും ഇപ്പോൾ ഇരിക്കൂറിൽ താമസക്കാരനുമായ പൊന്നൻ ഷമീർ  കുഴപ്പക്കാരാണെന്ന് വ്യക്തമായി. മാലപിടിച്ചു പറിക്കൽ, ഭണ്ഡാരം മോഷണം അടക്കം മൂന്ന് കേസിലെ പ്രതിയാണ് പൊന്നൻ ഷമീർ.

എട്ടു കേസുകളിൽ പ്രതിയായ പൊന്നൻ ഷമീർ മൂന്ന്‌ വർഷം തടവും അനുഭവിച്ചിട്ടുണ്ട്‌. സ്‌ത്രീപീഡനക്കേസിലും വധശ്രമക്കേസിലും ഇയാൾ പ്രതിയായിരുന്നു. കൂത്തുപറമ്പ്‌ ഗോകുലതെരുവിലെ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന്‌ പണം മോഷ്‌ടിച്ചതും ഷമീറായിരുന്നു. സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളായി പൊലീസിന്റെ പട്ടികയിലുള്ളയാളാണ്‌ ഷമീർ. ബന്ധുവായ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസിലും ഇയാൾ പ്രതിയായിരുന്നു.
ബന്ധുക്കൾ തമ്മിൽ സംസാരിച്ച്‌ ഈ കേസ്‌ പീന്നീട്‌ ഒത്തുതീർപ്പാക്കിയിരുന്നു. സ്‌ത്രീയുടെ മാലപൊട്ടിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. 2001, 2010, 2014, 2016 എന്നീ വർഷങ്ങളിലാണ്‌ ഇയാളുടെ പേരിലുള്ള കേസുകൾ. മാധ്യമങ്ങളിൽ വന്ന വീഡിയോയിൽ ഉള്ളത്‌ ഷെമീറാണെന്ന്‌ ബന്ധുക്കൾ സ്ഥീരീകരിച്ചു. ഇയാളാണെന്ന സംശയത്തെത്തുടർന്ന്‌ പൊലീസ്‌ ചൊവ്വാഴ്‌ച വീട്ടിലെത്തിയിരുന്നു. ധരിച്ച ടീഷർട്ടും മറ്റും കണ്ടാണ്‌ ബന്ധുക്കൾ ഇയാളെ തിരിച്ചറിഞ്ഞത്‌. ഇതുവരെ ഇയാൾ വീട്ടിലെത്തിയിട്ടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു.

ടിക്കറ്റില്ലാത്തതിന് യാത്രക്കാരനെ കയ്യേറ്റം ചെയ്‌തെന്ന ആരോപണത്തിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. വസ്തുത മറച്ചുവെച്ച് പൊലീസിനെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിൽ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകിയത് ആരാണ് എന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിന് പിന്നിൽ രണ്ട് പേർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന സമയത്ത് നോക്കിനിന്ന രണ്ടുപേരാണ് ഇതിനുപിന്നിൽ. വനിതാ യാത്രക്കാർ ഷമീറിന്റെ ശല്യം സഹിക്കാൻ കഴിയാതെ സഹായത്തിനു അഭ്യർത്ഥിച്ചപ്പോളും ഇവർ നോക്കി നിൽക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.