സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്‌ പ്രൗഢോജ്വല തുടക്കം

0
71

സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ഇടുക്കി ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. കുമളിയിൽ എ കെ ദാമോദരൻ നഗറിൽ (കുമളി ഹോളിഡേ ഹോം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം പി എസ്‌ രാജൻ രക്തസാക്ഷി പ്രമേയവും ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സ്വാഗതസംഘം സെക്രട്ടറി ആർ തിലകൻ സ്വാഗതം പറഞ്ഞു. കെ പി മേരി കൺവീനറും വി എൻ മോഹനൻ, റോമിയോ സെബാസ്റ്റ്യൻ, ടി കെ ഷാജി എന്നിവർ അംഗങ്ങളുമായ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ, വൈക്കം വിശ്വൻ, എം സി ജോസഫൈൻ, കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം എം മണി, കെ ജെ തോമസ്‌ എന്നിവർ പങ്കെടുക്കുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളുൾപ്പെടെ 197 പ്രതിനിധികളാണ്‌ സമ്മേളനത്തിലുള്ളത്‌. ബുധൻ പകൽ മൂന്നിന്‌ അഭിമന്യു നഗറിൽ (കുമളി ബസ് സ്റ്റാൻഡ്) പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.