ഒരു യുഗത്തിന് അന്ത്യമാവുന്നു; ബ്ലാക്ക്‌ബെറി ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കും

0
67

ബ്ലാക്ക്ബെറി ഫോണുകൾ 2022 ജനുവരി നാലിന് പ്രവർത്തനം അവസാനിപ്പിക്കും. ഒരുകാലത്ത് മൊബൈൽഫോൺ വിപണിയിലെ രാജാവായി വാണ ബ്രാൻഡ് ആണ് ഇന്ന് ഒന്നുമല്ലാതായി വിപണി വിടുന്നത്. 2020 ൽ തന്നെ ബ്ലാക്ക് ബെറി പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

കാനഡയിലെ ഒന്റാറിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാക്ക്ബെറി ലിമിറ്റഡ് എന്ന കമ്പനി മുമ്പ് റിസർച്ച് ഇൻ മോഷൻ അഥവാ റിം (RIM) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സന്ദേശ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന പേജർ നിർമിച്ച് തുടങ്ങിയ കമ്പനി പതിയ മൊബൈൽ ഫോൺ നിർമാണ രംഗത്തേക്ക് വരികയും അക്കാലത്തെ വിലകൂടിയ മൊബൈൽഫോൺ ബ്രാൻഡായി വളരുകയും ചെയ്തു. അക്കാലത്തെ അമേരിക്കയിലെ ഏറ്റവും മൂല്യവും സ്വാധീനവുമുള്ള മൊബൈൽ ഫോൺ ബ്രാൻഡായിരുന്നു റിം.

ഉദ്യോഗസ്ഥർക്കിടയിലും യുവാക്കൾക്കിടയിലും ബ്ലാക്ക് ബെറിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിലെ കീബോർഡും ബ്ലാക്ക്ബെറി മെസെഞ്ചർ സേവനവും ആ സ്വീകാര്യത വർധിക്കുന്നതിനിടയാക്കി.

എന്നാൽ ബ്ലാക്ക് ബെറിയുടെ യുഗാന്ത്യത്തിന് തുടക്കമിട്ടത് ആപ്പിൾ ഐഫോൺ അവതരിപ്പിച്ചതോടുകൂടിയാണ്. ബ്ലാക്ക് ബെറി ഫോണുകളിലും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോക്കിയ ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിലുമെല്ലാം ഉണ്ടായിരുന്ന ഫിസിക്കൽ കീബോർഡുകൾ എടുത്തുകളഞ്ഞ് വലിയ ടച്ച് സ്ക്രീനോടുകൂടിയ ഫോൺ ആപ്പിൾ അവതരിപ്പിച്ചു.

ആപ്പിളിന്റെ ഈ നീക്കത്തെ കാര്യമാക്കാതിരുന്ന റിം തങ്ങളുടെ ബ്ലാക്ക് ബെറി മൊബൈൽ ഫോണുകൾ പഴയ പടി തന്നെ ഇറക്കി. വിപണിയിലെ മാറ്റത്തെ തിരിച്ചറിയാതിരിക്കുകയും വിലകുറച്ചു കാണുകയും ചെയ്തതാണ് ബ്ലാക്ക് ബെറിയ്ക്ക് വെല്ലുവിളിയായത്.

മറുവശത്ത് ആപ്പിൾ ഐഫോണുകളെ അതിവേഗം പരിഷ്കരിച്ചുകൊണ്ടിരുന്നു. ഐഫോൺ 4 എത്തിയപ്പോഴേക്കും മൊബൈൽ ഫോൺ വിപണിയിൽ ആപ്പിൾ ബ്ലാക്ക് ബെറിയെ മറികടന്നിരുന്നു. പിന്നീട് ടച്ച് സ്ക്രീൻ ഫോണുകൾ അവതരിപ്പിക്കാൻ ബ്ലാക്ക് ബെറി ശ്രമം നടത്തിയെങ്കിലും സാങ്കേതികമായ നിരവധി പ്രശ്നങ്ങൾ ആ ഫോണുകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പിന്നാലെ ആൻഡ്രോയിഡ് ഫോണുകളും കൂടിയെത്തിയതോടെ ബ്ലാക്ക്ബെറി വിപണിയിൽ പിന്തള്ളപ്പെട്ടു.