യുപിയിൽ റോഡിനായി സമരം ചെയ്‌ത സ്‌ത്രീ സമരസ്‌ഥലത്ത് മരിച്ചു

0
69

യുപിയിൽ ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ യുവതി മരിച്ചു. 81 ദിവസം സമരം നടത്തിയ 48കാരിയായ റാണി ദേവിയാണ് കഴിഞ്ഞ ദിവസം സമരസ്‌ഥലത്ത് മരണത്തിന് കീഴടങ്ങിയത്.

അജീജ് പുര സിരോലി ഗ്രാമത്തിലെ ധനോലിയിലാണ് യുവതി താമസിക്കുന്നത്. ഇവിടെ റോഡുകളോ കൃത്യമായ അഴുക്കുചാലുകളോ ഇല്ല. തുടര്‍ന്നാണ് സ്‌ത്രീകളുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്. എന്നാൽ ശനിയാഴ്‌ച സമരപ്പന്തലില്‍ ഉറങ്ങിയ റാണി ദേവി പിന്നീട് എഴുന്നേറ്റില്ല. 81 ദിവസത്തെ സമരപോരാട്ടത്തിന് ഒടുവിലാണ് റാണി ദേവി മരണത്തിന് കീഴടങ്ങിയത്. മാല്‍പുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വികാസ് നഗറിലാണ് റാണിയും കുടുംബവും താമസിച്ചിരുന്നത്.

അതേസമയം റാണിക്ക് സമീപം ഉറങ്ങിയ മറ്റൊരു സ്‌ത്രീയെ അബോധാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡിനും മറ്റ് അടിസ്‌ഥാന സൗകര്യങ്ങള്‍ക്കുമായി അധികൃതരെ നിരന്തരം ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗ്രാമീണര്‍ സമരത്തിനിറങ്ങിയത്.