വിദേശികളുമായി ഇടപെടാൻ പോലീസിന് പ്രതേക പരിശീലനം

0
38

സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് വിദേശികളുമായി ഇടപെടുന്നതില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനം.കോവളത്തെ സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശികളുമായി ഇടപെടുന്നതിന് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. വിദേശികളോട് പൊലീസിന് മികച്ച സമീപനമാണെന്നും അവരുടെ സുരക്ഷിതത്വം പൊലീസിന്റെ കര്‍ത്തവ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കോവളത്തെ വിദേശിയ അവഹേളിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്‌ഐ നല്‍കിയ പരാതി പരിശോധിക്കും. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയില്‍ തീരുമാനമുണ്ടാകും. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനാലാണ് ഗ്രേഡ് എസ്‌ഐയെ ഉടന്‍ സസ്പെന്‍റ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കുന്ന വിശദീകരണം.

അതേ സമയം, സസ്പെന്‍ഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്‌ഐ ഷാജി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പുതുവര്‍ഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് പരാതിയില്‍ പറയുന്നത്. വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. തനിക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവര്‍ ബില്ലുള്‍പടെ മദ്യവുമായി വന്നപ്പോള്‍ കടത്തി വിട്ടിരുന്നുവെന്നും ഷാജി പരാതിയില്‍ പറയുന്നു.എന്നാല്‍ അതേസമയം, പുതുവത്സര തലേന്ന് മദ്യം വാങ്ങിവന്ന വിദേശി സ്റ്റീഫനെ അവഹേളിച്ച സംഭവം വിവാദമായതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. സ്റ്റീഫനെ തടഞ്ഞ് വാഹന പരിശോധന നടത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ മനീഷ്, സജിത്ത് എന്നിവര്‍‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.