മഠങ്ങളെ വെല്ലുവിളിച്ച അഞ്ജലിയെ അനുമോദിച്ച് സിപിഐ എം സമ്മേളനം

0
55

കർണാടകത്തിലെ സ്‌കൂളുകളിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മുട്ട വിതരണം ചെയ്യാനുള്ള തീരുമാനത്തെ എതിർത്ത മഠ മേധാവികളെ മുഖത്തുനോക്കി വെല്ലുവിളിച്ച എസ്എഫ്ഐ പ്രവർത്തകയെ സിപിഐ എം കർണാടക സംസ്ഥാന സമ്മേളനത്തിൽ അനുമോദിച്ചു. മ്രഹ്മണ്യത്തിന്റെ മുഖത്ത് നോക്കി അസാമാന്യ ചങ്കുറപ്പ് കാട്ടിയ എസ്എഫ്ഐ കൊപ്പാൾ ജില്ലാകമ്മിറ്റിയംഗം അഞ്ജലിയെയാണ് സമ്മേളനവേദിയിൽ അനുമോദിച്ചത്. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, ബി വി രാഘവുലു എന്നിവർ ഉപഹാരം നൽകി. നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് അഞ്ജലിയെ പ്രതിനിധികൾ വേദിയിലേക്ക് ആനയിച്ചത്.

സ്‌കൂളുകളിൽ മുട്ട വിതരണം ചെയ്യുന്ന പദ്ധതിയെ നിങ്ങൾ എതിർത്താൽ ഞങ്ങൾ വിദ്യാർഥികൾ നിങ്ങളുടെ മഠങ്ങളിൽ വന്ന് മുട്ട കഴിക്കും എന്നായിരുന്നു അഞ്ജലി പറഞ്ഞത്. മുട്ട വിതരണം തടസപ്പെടുത്താനുള്ള മഠങ്ങളുടെ നീക്കത്തിനെതിരെ എസ്എഫ്ഐ ഗംഗാവതിയിൽ നടത്തിയ മാർച്ചിലാണ്‌ ബ്രാഹ്മണമഠങ്ങളെ അസാമാന്യ ചങ്കൂറ്റത്തിലൂടെ അഞ്ജലി എതിർത്തത്. ഇപ്പോൾ ഞങ്ങൾ കുറച്ചു കുട്ടികളെ ഉള്ളു. ഈ നീക്കത്തിൽനിന്നും മഠങ്ങൾ പിന്മാറിയില്ലെങ്കിൽ ഞങ്ങൾ വരും.

കൂടെ എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിന്റെ കരുത്ത് നിങ്ങൾ തിരിച്ചറിയും എന്നായിരുന്നു അഞ്ജലി പ്രസംഗിച്ചത്. അഞ്ജലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിലൊക്കെ വലിയതോതിൽ വൈറലായിരുന്നു. ദേശീയ മാധ്യമങ്ങൾ ഈ പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തി വാർത്ത കൊടുത്തിരുന്നു.

എസ്എഫ്ഐ എന്ന പ്രസ്ഥാനമാണ് ചങ്കൂറ്റത്തോടെ പ്രതികരിക്കാൻ പഠിപ്പിച്ചതെന്ന് അഞ്ജലി മറുപടി പ്രസംഗത്തിൽ പറഞ്ഞു. രണ്ടാം ദിവസം സമ്മേളന നടപടികളിൽ മുഴുവൻസമയ വളണ്ടിയർ ആയി അഞ്ജലി പ്രവർത്തിക്കുകയും ചെയ്തു. ഗംഗാവതി ഗവണ്മെന്റ് ഹൈസ്‌കൂളിൽ വിദ്യാർത്ഥിനിയാണ് അഞ്ജലി.