തിരുവനന്തപുരം > തിങ്കളാഴ്ച ആരംഭിക്കുന്ന കൗമാരക്കാർക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് കുട്ടികളെ വരവേൽക്കുക പിങ്ക് നിറത്തിലുള്ള ബോർഡുകൾ. കുട്ടികളുടെ വാക്സിൻകേന്ദ്രങ്ങളെന്ന് പ്രത്യേകം മനസ്സിലാകുന്നതിനാണ് പ്രവേശനകവാടത്തിലും രജിസ്ട്രേഷൻ –- വാക്സിൻകേന്ദ്രങ്ങളിലുമാകും പിങ്ക് നിറത്തിലുള്ള ബോർഡുകൾ വയ്ക്കുന്നത്.
15–-18 പ്രായക്കാർക്കുള്ള വാക്സിനേഷന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിന് ആരോഗ്യവകുപ്പ് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കർമപദ്ധതി തയ്യാറാക്കി. വാക്സിനായുള്ള രജിസ്ട്രേഷനും ആരംഭിച്ചു. മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നീലനിറത്തിലുള്ള ബോർഡുകളാകും ഉണ്ടാവുക.
പത്തുവരെ ബുധൻ ഒഴികെ എല്ലാ ദിവസവും ജനറൽ, ജില്ല, താലൂക്ക് ആശുപത്രികളിലും സിഎച്ച്സിയിലും പ്രത്യേക വാക്സിൻകേന്ദ്രങ്ങൾ പ്രവർത്തിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വാക്സിൻ നൽകും.
സ്വന്തമായി രജിസ്റ്റർചെയ്യാൻ കഴിയാത്തവരെ വിദ്യാഭ്യാസവകുപ്പ് സഹായിക്കും.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർചെയ്ത് വാക്സിൻ സ്വീകരിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാക്സിൻ എടുത്തവരുടെയും എടുക്കാത്തവരുടെയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകണം. ഇവിടെനിന്ന് കോപ്പി ആർസിഎച്ച് ഓഫീസർക്ക് നൽകും. കോവാക്സിനാണ് കുട്ടികൾക്ക് നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. ഈ പ്രായവിഭാഗത്തിൽ 15ലക്ഷം കുട്ടികൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.
മുതിർന്നവർക്ക്
ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രിയിലും സിഎച്ച്സിയിലും 18 വയസ്സിനു മുകളിലുള്ളവർക്കായി പ്രത്യേക വാക്സിനേഷൻകേന്ദ്രം ഉണ്ടാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വാക്സിൻ നൽകും.