ബാങ്ക് ലോക്കറില്‍ അഞ്ഞൂറുകോടിയുടെ മരതക ശിവലിംഗം; അന്വേഷണം ഊർജിതമാക്കി പൊലീസ്

0
23

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി. ബാങ്ക് ലോക്കറിൽ സൂക്ഷിച്ച നിലയിലാണ് പൊലീസ് ഇത് കണ്ടെടുത്തത്. വിഗ്രഹം എങ്ങനെയാണ് ബാങ്ക് ലോക്കറില്‍ എത്തിയതെന്നും ഇതിന്റെ ഉടമയ്ക്ക് ഇത്രയും പണം എവിടെനിന്നു ലഭിച്ചു എന്നതും അന്വേഷിച്ചു വരികയാണെന്ന് അഡിഷണല്‍ ഡിജിപി കെ ജയന്ത് മുരളി പറഞ്ഞു.
തഞ്ചാവൂരിലെ ഒരു വീട്ടില്‍ വന്‍തോതിലുള്ള പുരാവസ്തു ശേഖരമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷകസംഘം പി രാജാറാം, അശോക് നടരാജൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയത്. സാമിയപ്പന്‍ എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. എന്നാല്‍ വിഗ്രഹം എവിടെ നിന്നാണ് ലഭിച്ചത് എന്നത് സംബന്ധിച്ച്‌ തനിക്ക് വിവരമൊന്നുമില്ല എന്നാണ് എണ്‍പതുകാരനായ സാമിയപ്പന്റെ മകന്‍ അരുണ്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കാലടിയിലെ ആദിശങ്കര ജന്‍മഭൂമിയില്‍ നിന്ന് 2009ല്‍ ഒരു മരതക ശിവലിംഗം കാണാതായിരുന്നു. ഇതിനെ കുറിച്ച്‌ ഇതുവരെയും സൂചനയൊന്നും ലഭിച്ചിട്ടില്ല. 2016ല്‍ നാഗപട്ടിണത്തിലെ തിരുക്കുവലയ് ശിവക്ഷേത്രത്തില്‍ നിന്ന് ഒരു ശിവലിംഗം മോഷണം പോയിരുന്നു. ഇത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.