സംസ്‌കൃത സർവകലാശാലയുടെ ഡി ലിറ്റ്‌ തീരുമാനം ഗവർണർ നേരത്തെ അംഗീകരിച്ചു

0
57

നര്‍ത്തകിയും നടിയുമായ ശോഭനയ്ക്കും ശാസ്ത്രീയ സംഗീത പ്രതിഭ ടി എം കൃഷ്ണയ്ക്കും സംസ്‌കൃത പണ്ഡിതന്‍ എന്‍ പി ഉണ്ണിയ്ക്കും ഡി ലിറ്റ് നല്‍കാനുള്ള സംസ്‌കൃത സര്‍വകലാശാല തീരുമാനം അംഗീകരിച്ച് ഗവര്‍ണര്‍ നവംബര്‍ മൂന്നിന് ഉത്തരവിറക്കിയതാണെന്ന് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പറഞ്ഞു.

ഒരു അഭിപ്രായ വ്യത്യാസവും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചിട്ടില്ല. ഗവര്‍ണര്‍ക്ക് സൗകര്യമുള്ള തീയതി ലഭിക്കാന്‍ വേണ്ടി ബിരുദ ദാനചടങ്ങ് നീട്ടിവെച്ചിരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഒരു വിവാദത്തിനും അടിസ്ഥാനമില്ല–അദ്ദേഹം പറഞ്ഞു. അക്കാദമിക് കൗണ്‍സിലാണ് ഓണററി ഡി–ലിറ്റ് ബിരുദം നല്‍കാന്‍ തീരുമാനമെടുക്കേണ്ടത്. മൂന്നുപേര്‍ക്കും ഓണററി ഡി ലിറ്റ് നല്‍കാന്‍ സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച ശേഷം ചട്ടപ്രകാരം ചാന്‍സലറായ ഗവര്‍ണര്‍ക്ക് അയച്ചു. ഗവര്‍ണര്‍ ഇത് അംഗീകരിച്ച് നവംബര്‍ മൂന്നിന് ഉത്തരവിറക്കി. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് സര്‍വകലാശാലയ്ക്ക് അയച്ചു തരുകയും ചെയ്തു. -ഡോ. ധര്‍മ്മരാജ് അടാട്ട് പറഞ്ഞു.

ഇതിനിടെ രണ്ടുമാസം മുമ്പ് തീരുമാനിച്ച് ലഭിക്കുന്നവരുടെ പേരും പ്രസിദ്ധീകരിച്ച ഡിലിറ്റ് ആര്‍ക്കൊക്കെയോ രഹസ്യമായി കൊടുക്കാന്‍ നീക്കം നടക്കുന്നു എന്ന മട്ടില്‍ വ്യാജചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു.