കേരളത്തെ കലാപഭൂമിയാക്കരുത്, ജനുവരി 4 ന് സിപിഐ എം ബഹുജന കൂട്ടായ്മ

0
71

“കേരളത്തെ കലാപഭൂമിയാക്കരുത്” എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ജനുവരി 4-ാം തീയതി വർഗ്ഗീയതയ്ക്കെതിരെ സിപിഐ എം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. തലശ്ശേരിയിൽ മുസ്ലീം ആരാധനാലയം സംരക്ഷിക്കുന്നതിനിടയിൽ ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ സഖാവ് യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വദിനത്തിലാണ് ഇത്തരമൊരു പരിപാടി പാർടി സംഘടിപ്പിക്കുന്നത്.

സമാധാനന്തരീക്ഷം നിലനിൽക്കുന്ന കേരളീയ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും അതുവഴി നാടിനെ വർഗ്ഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനുമാണ് ആർഎസ്എസും എസ്ഡിപിഐയും പരിശ്രമിക്കുന്നത്. സമീപകാലത്ത് വർഗ്ഗീയ പ്രചാരവേല കേരളത്തിൽ വലിയതോതിൽ നടക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ബിജെപി വർഗ്ഗീയ ധ്രുവീകരണത്തിലുടെ തിരിച്ചുവരാനാകുമോ എന്നാണ് ശ്രമിക്കുന്നത്. ഇതിന് സഹായകരമായ നിലപാടാണ് എസ്ഡിപിഐയും സ്വീകരിക്കുന്നത്. ഇത്തരം സംഭവങ്ങളെ ഊതിവീർപ്പിക്കാനും സർക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ഇടപെടലുകളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.

ലോക്കൽ അടിസ്ഥാനത്തിൽ 2273 കേന്ദ്രങ്ങളിലാണ് ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കേണ്ടത്. നാടിന്റെ മതനിരപേക്ഷതയും സമാധാനവും ഐക്യവും സംരക്ഷിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങി ജനുവരി നാലിന് സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മകൾ വിജയിപ്പിക്കണം