മകളുമായുള‌ള പ്രണയം അനീഷിന് ലാലന്റെ കൊലയ്‌ക്ക് കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്

0
56

പേട്ടയിൽ അനീഷ് ജോർജിനെ പ്രതി സൈമൺ ലാലൻ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്. മകളുമായുള‌ള അനീഷിന്റെ പ്രണയം കൊലപാതകത്തിന് പ്രേരിപ്പിച്ചെന്ന് പ്രതി സൈമൺ ലാലൻ സമ്മതിച്ചു. അനീഷിനെ തടഞ്ഞുവെച്ച് നെഞ്ചിലും മുതുകിലും കുത്തി. കത്തി മറുഭാഗത്തുകൂടി തുളച്ചുകയറിയിരുന്നു. കൊല നടത്തിയ ശേഷം കത്തി വാട്ടർ മീറ്റർ ബോക്‌സിൽ ഒളിപ്പിച്ചു. ആയുധം പൊലീസ് കണ്ടെടുത്തു. കൊല നടന്ന മുറിയിൽ നിന്നും ബിയർ ബോട്ടിലും കണ്ടെടുത്തതായി റിമാൻഡ് റിപ്പോർ‌ട്ടിലുണ്ട്.

അനീഷിനെ സൈമൺ ലാലന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അനീഷിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പുലർച്ചെ സൈമൺ ലാലന്റെ ഭാര്യ തങ്ങളെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്‌‌റ്റേഷനിലേക്ക് പോകണമെന്ന് പറഞ്ഞതായി അനീഷ് ജോർജിന്റെ അമ്മ അറിയിച്ചിരുന്നു. 3.20ന് ആദ്യം പെൺകുട്ടിയുടെ അമ്മ അനീഷിന്റെ അമ്മയെ വിളിച്ചിരുന്നു. 3.30നായിരുന്നു അനീഷിനെ സൈമൺ ലാലൻ കൊലപ്പെടുത്തിയത്. പിന്നീട് 4.30ഓടെ പെൺകുട്ടിയുടെ അമ്മയെ വിളിക്കുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന കാര്യം മാതാപിതാക്കൾ അറിയുന്നത്. മകനെക്കുറിച്ച് പൊലീസ് സ്‌റ്റേഷനിൽ ചോദിക്കണമെന്ന് പറഞ്ഞു. തുടർന്നാണ് കൊലപാതക വിവരം അറിയുന്നത്.

കളളനാണെന്ന് കരുതി തടയാൻ ശ്രമിക്കുന്നതിനിടെ കുത്തിയെന്നായിരുന്നു കൊല നടന്ന ശേഷം സൈമൺ ലാലൻ ആദ്യം നൽകിയ മൊഴി. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് തെറ്റെന്ന് തെളിഞ്ഞു. പേട്ട ചായക്കുടി ലെയിനിൽ അടുത്തടുത്ത വീട്ടുകാരായ അനീഷും പെൺകുട്ടിയും വർഷങ്ങളായി അടുപ്പമുണ്ടായിരുന്നു. ഭാര്യയും മക്കളും അനീഷുമായി സൗഹൃദത്തിലായിരുന്നത് സൈമൺ ലാലന് ഇഷ്‌ടമായിരുന്നില്ല.

പെൺകുട്ടിയ്‌ക്കൊപ്പം അമ്മയും സഹോദരിയും ആക്രമിക്കരുതെന്ന് പറ‌ഞ്ഞിട്ടും ഇയാൾ അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൊഴിയെടുത്ത ശേഷമാണ് സൈമൺ ലാലൻ അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണെന്ന് പേട്ട പൊലീസ് കണ്ടെത്തിയത്.