കേരളത്തില്‍ ക്രൈസ്‌തവ സ്നേഹം, മറ്റിടങ്ങളില്‍ ആക്രമണം: പിണറായി

0
63

പാലക്കാട് > ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ സംഘടിതമായ നീക്കമാണ് സംഘപരിവാര്‍ രാജ്യത്ത് നടത്തുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞു. ഗ്രാമങ്ങളിലടക്കം വര്‍ഗീയവികാരം ശക്തിപ്പെടുത്തുകയാണ്. ക്രൈസ്‌തവര്‍ക്കും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുകയാണ്. കേരളത്തില്‍ ക്രൈസ്തവ സ്‌നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാര്‍, രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ക്രിസ്‌ത്യാനികളെ ആക്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പിണറായി.

ക്രിസ്മസുമായി ബന്ധപ്പെട്ട് ഒട്ടേറെ ആക്രമങ്ങളാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. ‘സാന്താ ക്ലോസ് മൂര്‍ദാബാദ്’ എന്ന് ആക്രോശിച്ചാണ് ആന്ധ്രയില്‍ കോലം കത്തിച്ചത്. വാരണാസിയിലെ ആശുപത്രിയില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിനും ആക്രമണമുണ്ടായി. ഹരിയാനയിലെ അംബാലയില്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. കുരുക്ഷേത്രയില്‍ ജയ് ശ്രീറാം എന്ന് അട്ടഹസിച്ചുകൊണ്ട് പള്ളിയിലെ ക്രിസ്മസ് ആഘോഷം സംഘപരിവാര്‍ തടസ്സപ്പെടുത്തി. ഹിന്ദുക്കളെ പങ്കെടുപ്പിച്ച് ക്രിസ്മസ് ആഘോഷം നടത്തേണ്ട എന്ന് പറഞ്ഞ് ബജ്രംഗ്ദള്‍ ആസാമിലും ആക്രമണം നടത്തി.

മതപരിവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചാണ് ഇവിടൊക്കെ അക്രമം അഴിച്ചുവിടുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴരപതിറ്റാണ്ട് പിന്നിടുമ്പോള്‍ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ 2.3 ശതമാനമാണ്. സംഘപരിവാര്‍ ആരോപിക്കുന്ന മതപരിവര്‍ത്തനം നടന്നിരുന്നെങ്കില്‍ ഈ സംഖ്യയില്‍ മാറ്റമുണ്ടായേനെ. 2015ല്‍ ക്രൈസ്തവര്‍ക്കെതിരായി രാജ്യത്ത് നടത്തിയ ആക്രമണം 142 ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ആയപ്പോള്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം 226 ആയി. 2017 ല്‍ 248, 2018ല്‍ 298, 2019ല്‍ 321, 2020ല്‍ 271, 2021ല്‍ 478- എന്നിങ്ങനെയായി. ഉത്തര്‍പ്രദേശിലാണ് ഈ വര്‍ഷം ഏറ്റവുമധികം ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കേരളത്തില്‍ ക്രിസ്തീയ സ്‌നേഹവുമായി ചുറ്റിത്തിരിയുകയാണ്. മതനിരപേക്ഷതയുടെ സാമൂഹിക അന്തരീക്ഷമാണ് ഇവിടെ. ഇത്തരം ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രതിരോധമുള്ള നാടാണ കേരളം. മറ്റിടങ്ങളില്‍ നടത്തുന്ന ഏര്‍പ്പാട് ഇവിടെ നടക്കാത്തതിനാലാണ്, കുറച്ച് ലാഭമുണ്ടാക്കാന്‍ സ്‌നേഹപ്രകടനം നടത്തുന്നത്.

രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന എല്ലാ മൂല്യങ്ങളും തകര്‍ക്കപ്പെടുകയാണ്. സിപിഐ എം നേരത്തെ നല്‍കിയ മുന്നറിയിപ്പ് അക്ഷരംപ്രതി ശരിയാകുകയാണ്. ബിജെപി നയങ്ങളെ കോര്‍പറേറ്റുകള്‍ പിന്താങ്ങുകയാണ്. കോര്‍പറേറ്റുകളാണ് രാജ്യത്തെ മാധ്യമങ്ങളില്‍ മഹാഭൂരിഭാഗത്തെയും നിയന്ത്രിക്കുന്നത്.

ഇസ്ലാമിക ഭീകരവാദത്തെയും ഇസ്ലാം മതവിശ്വാസത്തെയും കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരയാകുന്നത് യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസികള്‍ തന്നെയാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അമേരിക്ക എവിടെയൊക്കെ ഇടപെട്ടോ അവിടെല്ലാം വംശീയതയും വര്‍ഗീയതയും വളര്‍ന്നു.

മുതലാളിത്ത വ്യവസ്ഥ ലോകത്ത് വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ വ്യവസ്ഥക്കെതിരായി ഉയര്‍ന്ന മുല്ലപ്പൂ വിപ്ലവം പോലുള്ള പ്രക്ഷോഭം ഉയര്‍ന്നുവന്നെങ്കിലും പിന്നീട് പഴയപടിയിലേക്ക് തിരിച്ചുപോയി. ഒരു ബദല്‍ കാഴ്ചപാടില്ലാതെ പോയതിനാലാണത്. ശരിയായ ബദലും അത് നടപ്പാക്കാനുള്ള സംഘടനാസംവിധാനവും ഉണ്ടെങ്കിലേ മുതലാളിത്തത്തെ മാറ്റി ഗുണപരമായ വ്യവസ്ഥ നിര്‍മിക്കാനാകൂ. മുതാളിത്ത രാഷ്ട്രങ്ങളുടെ തെറ്റായ നയസമീപനമാണ് ലോകത്തെ ദുരിതത്തിലേക്ക് നയിക്കുന്നതെന്നും പിണറായി പറഞ്ഞു.