BREAKING “ചോദ്യം ചെയ്യാൻ നിങ്ങളാരാ?…” ക്രിസ്മസ് ആഘോഷം തടയാനെത്തിയ ആർഎസ്എസുകാരെ ആട്ടിയോടിച്ച് യുവതി

0
99

ഹിന്ദു കുടുംബത്തിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയെത്തിയ തീവ്ര ഹിന്ദുത്വവാദികളെ വീട്ടിൽ നിന്നും ആട്ടിയോടിച്ച് യുവതി. കർണാടക തുമകൂരു ജില്ലയിലെ കുനിഗെൽ താലൂക്കിൽ ബില്ലിദേവപാളയ ഗ്രാമത്തിലാണ് സംഭവം. സ്വന്തം വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചത് ചോദ്യം ചെയ്യാനെത്തിയ ബജ്‌രംഗ്ദളുകാരെയാണ് യുവതിയും ബന്ധുക്കളും ചേർന്ന് നേരിട്ടെതിർത്ത് ആട്ടിപ്പായിച്ചത്. ഡിസംബർ 28 ന് രാത്രി ഏഴരയോടെയാണ് സംഭവം. പിന്നോക്ക വിഭാഗത്തിൽ പെടുന്ന ഹിന്ദു യുവതിയുടെ വീട്ടിലാണ് അതിക്രമിച്ചുകയറിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം നിർത്തിവെക്കണംന്ന് ആവശ്യപ്പെട്ടത്. ഹിന്ദു കുടുംബം എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്, സിന്ദൂരം തൊടാത്തതെന്ത്, എന്തിനാണ് ചില കുടുംബാംഗങ്ങള്‍ ക്രിസ്ത്യാനികളായതെന്നും ചോദിച്ച തീവ്ര ഹിന്ദുത്വവാദികൾ ആഘോഷം നിർത്തിവെക്കാനും ആവശ്യപ്പെട്ടു. എന്നാൽ, ഏതൊക്കെ ചോദ്യം ചെയ്യാൻ നിങ്ങളാരാണെന്ന് യുവതി പൊട്ടിത്തെറിച്ചതോടെ ബജ്‌രംഗ്ദളുകാർ പ്രതിരോധത്തിലായി.

എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത് എന്ന് പറഞ്ഞാണ് ഒരു സംഘം വീടിനകത്തേക്ക് കയറിവന്നത്. തങ്ങൾ ബജ്‌രംഗ്ദളുകാരാണെന്നും സ്ത്രീകൾ സിന്ദൂരം തൊടാത്തത് എന്തുകൊണ്ടാണെന്ന് ആക്രോശിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയുടെ നേതൃത്വത്തിൽ സ്ത്രീകൾ അക്രമികൾക്കെതിരെ തിരിഞ്ഞത്. ‘ഞങ്ങളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്? ഞാന്‍ മംഗളസൂത്രം (താലിമാല) അഴിച്ച് മാറ്റിവെക്കാം,’- യുവതി പറഞ്ഞു. ഇതോടെ സാഹചര്യം പന്തിയല്ലെന്ന് കണ്ട് ബജ്‌രംഗ്ദളുകാർ മെല്ലെ സ്ഥലം കാലിയാക്കാൻ തുടങ്ങി. എന്നിട്ടും വീടിനകത്ത് നിന്ന ചിലർ ആക്രോശം തുടർന്നതോടെ ഒപ്പമുണ്ടായിരുന്ന യുവതി അക്രമികളോട് വീട് വിട്ട് പുറത്തുപോകാനും ആവശ്യപ്പെട്ടു. വീട്ടുകാർ പൊലീസിനെ വിളിച്ചതോടെ ബജ്‌രംഗ്ദളുകാർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
ആരെ പ്രാര്‍ത്ഥിക്കുമെന്നത് തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞ അവര്‍ പക്ഷേ, മതംമാറ്റ ആരോപണം തളളിക്കളഞ്ഞു. കുടുംബത്തിലെ ചിലര്‍ വര്‍ഷങ്ങളായി ക്രിസ്മസ് ആഘോഷിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പരാതി കിട്ടിയില്ലെന്നാണ് പൊലീസ് വാദം. തീവ്ര ഹിന്ദുത്വവാദികളോട് നേരിട്ടെതിര്‍ക്കുന്ന സ്ത്രീകളുടെ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

ബജ്‌രംഗ്ദളുകാരെ നേരിട്ട് എതിർക്കുന്ന യുവതി. കന്നഡയിലുള്ള സംഭാഷണത്തിന്റെ വിവർത്തനം.

ബജ്‌രംഗ്ദൾ പ്രവർത്തകർ: നിങ്ങളെല്ലാവരും മതപരിവർത്തനം നടത്തിയിട്ടില്ലല്ലോ
നിങ്ങൾ ഹിന്ദുക്കളല്ലേ, എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്
സ്ത്രീകൾ എന്തെ സിന്ദൂരം തൊടാതിരിക്കുന്നത്

യുവതി: ഞങ്ങളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്? ഞാന്‍ മംഗളസൂത്രം (താലിമാല) അഴിച്ച് മാറ്റിവെക്കാം, വിവാഹശേഷം കാലിൽ അണിയുന്ന റിങ്ങും ഊരിവെക്കാം. താലിമാല ഊരിമാറ്റിയാൽ മതിയോ. നിങ്ങൾ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്.

ബജ്‌രംഗ്ദൾ പ്രവർത്തകർ: നിങ്ങൾ മതപരിവർത്തനം നടത്തിയതല്ലേ. ഇവിടെ നിങ്ങൾ പ്രാർത്ഥന നടത്തുന്നു എന്ന വിവരം കിട്ടിയിട്ടാണ് വന്നത്.

യുവതി: ക്രിസ്മസ് സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ആഘോഷിക്കുന്നത്. ഇത് സ്വന്തം വീടാണ്. ഇവിടെ ഞങ്ങൾ ക്രിസ്മസ് ആഘോഷിക്കുകതന്നെ ചെയ്യും. മതപരിവർത്തനം എന്നാൽ എന്താണ്. അത് പറ ആദ്യം. ആരാണ് നിങ്ങളോട് ഈ വിഡ്ഢിത്തം പുലമ്പിയത്. ആരും ഇവിടെ മതപരിവർത്തനം നടത്തിയിട്ടില്ല. ഇവിടെ ആര് നടത്തിയെന്ന് പറ. ആദ്യം അത് തെളിയിക്കൂ. ദേവാലയങ്ങളിൽ പ്രാർത്ഥിച്ചാൽ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളോ. ആരെ പ്രാർത്ഥിക്കണം എന്നത് ഞങ്ങളുടെ ഇഷ്ടമാണ്.
ഇനി കൂടുതൽ പ്രസംഗം വിളമ്പണ്ട. ഇപ്പോ ഇറങ്ങിക്കോണം. ഇവിടെ നോക്ക് ദൈവത്തിന്റെ പടം കാണുന്നില്ലേ.
നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും. അത് ചെയ്യ്. അത് ചെയ്ത് കാണിക്ക്.